തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആറു മാസമായി ചിലര്‍ അണിയറയില്‍ ആസൂത്രിത നീക്കം നടത്തി വരികയാണെന്ന് ചെറിയാന്‍ ഫിലിപ്പ്. പിണറായി തുടര്‍ന്നാല്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പുള്ള പോലീസിലെ ഒരു ലോബിയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും വിവിധ തരം മാഫിയകളുമാണ് ഗൂഡാലോചനക്കാരെന്ന് ചെറിയാന്‍ ഫിലിപ്പ് ആരോപിക്കുന്നു.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണം. 1959ല്‍ ഇഎംഎസിനേയും 1995ല്‍ കെ.കരുണാകരനെയും അട്ടിമറിച്ച പോലെ കള്ള പ്രചരണത്തിലൂടെ ബഹുജന വികാരം ആളി കത്തിക്കാനാണ് ഇവരുടെ കുത്സിത ശ്രമം, വിമോചന സമരം മുതല്‍ ചാരക്കേസ് വരെ സൃഷ്ടിച്ചത് ചില സംഘടിത ശക്തികളാണ്. ഭരണം അസ്ഥിരപ്പെടുത്താന്‍ ഇക്കൂട്ടര്‍ പലയിടത്തും നുഴഞ്ഞു കയറി ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിക്കുന്നു.