റോഡിൽ തടഞ്ഞ് നിർത്തി ആക്രമിച്ച ശേഷമായിരുന്നു രണ്ട് ലക്ഷം രൂപയും സ്കൂട്ടറും കവർന്നത്. പിന്നിൽ മൂന്നംഗ സംഘമെന്ന് പൊലിസ്. പ്രതികൾ ഉടൻ പിടിയിലാകുമെന്ന് സൂചന.
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രണ്ട് ലക്ഷം രൂപയും സ്കൂട്ടറും കവർന്ന സംഭവത്തിൽ സ്കൂട്ടർ കണ്ടെത്തി.
ഷൊർണൂരിലെ ഗ്യാസ് ഏജൻസി ജീവനക്കാരനായ തമിഴ്നാട് സ്വദേശി മാണിക്യ വാസകനെ ആണ് ചെർപ്പളശ്ശേരിയിൽ വെച്ച് മൂന്നംഗസംഘം റോഡിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇരുമ്പു കമ്പി കൊണ്ട് മർദിക്കുകയും വാൾ ഉപയോഗിച്ച് വെട്ടുകയും ചെയ്ത സംഘം മാണിക്യ വാസകന്‍റെ രണ്ട് ലക്ഷം രൂപയും സ്കൂട്ടറും കവരുകയായിരുന്നു.
രണ്ട് ബൈക്കുകളിലായെത്തിയ മുഖംമൂടി അണിഞ്ഞ സംഘമാണ് കൃത്യത്തിന് പിന്നിൽ. കവർച്ചചെയ്ത സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി. മൂന്നു പ്രതികളും ഉടൻ പിടിയിലാകുമെന്നാണ് ഷൊർണൂർ പോലീസ് നൽകുന്ന വിവരം.
