സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളം അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നുണ്ട്. പത്ത് മിനിറ്റോളം സമയമെടുത്താണ് ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ 50 സെമീ ഉയര്‍ത്തിയത്. 

ഇടുക്കി; 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇടുക്കി ഡാം തുറന്നു. ഇടുക്കി ഡാം പ്രവര്‍ത്തനം തുടങ്ങിയ ശേഷം ചരിത്രത്തില്‍ ഇത് മൂന്നാ തവണായണ് ഡാം തുറക്കുന്നത്. ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ അ‍ഞ്ച് ഷട്ടറുകളില്‍ നടുവിലെ ഷട്ടറാണ് ഇപ്പോള്‍ തുറന്നത്. 

അന്‍പത് സെമീ വീതിയില്‍ ഉയര്‍ത്തിയ ഷട്ടറിലൂടെ വെള്ളം ചെറുതോണിയിലെത്തിയിട്ടുണ്ട്. സെക്കന്‍ഡില്‍ അന്‍പതിനായിരം ലിറ്റര്‍ വെള്ളം അണക്കെട്ടില്‍ നിന്നും പുറത്തേക്ക് ഒഴുകുന്നുണ്ട്. പത്ത് മിനിറ്റോളം സമയമെടുത്താണ് ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ ഷട്ടര്‍ 50 സെമീ ഉയര്‍ത്തിയത്. വൈകുന്നേരം നാല് മണി വരെ ഷട്ടര്‍ തുറന്നിടും

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതോടെയാണ് ഇടുക്കി ഡാമിന്‍റെ ഭാഗമായ ചെറുതോണി ഡാമിന്‍റെ അഞ്ച് ഷട്ടറുകളി‍ല്‍ ഒന്ന് തുറന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാഴാഴ്ച്ച രാവിലെ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇബിക്ക് അനുമതി നല്‍കിയത്. 

പിന്നാലെ ഷട്ടറുകള്‍ 11 മണിക്ക് തുറക്കാനായിരുന്നു ആദ്യതീരുമാനമെങ്കിലും ഇന്ന് രാവിലെ ഇടമലയാര്‍ ഡാം കൂടി തുറന്ന സാഹചര്യത്തിലാണ് ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത് 12 വരെ നീട്ടിവച്ചത്. ഇരുഡാമുകളിലേയും പെരിയാറിലൂടെയാണ് ഒഴുകുക. ആലുവ അടക്കമുള്ള പ്രദേശങ്ങളില്‍ ഇതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 

രാവിലെ അഞ്ച് മണിക്കാണ് ഇടമലയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നത്. ഈ വെള്ളം അഞ്ച് മണിക്കൂര്‍ കൊണ്ട് ആലുവയിലെത്തുമെന്നാണ് കണക്ക്. ആലുവയില്‍ പലയിടത്തും ഇതിനോടകം വെള്ളം കയറിയിട്ടുണ്ട്. മറ്റു ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ഭൂതത്താന്‍ അണക്കെട്ടില്‍ 15 ഷട്ടറുകളും ഇതിനോടകം തുറന്നിട്ടുണ്ട്. 

ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്ന സാഹച്യരത്തില്‍ ചെറുത്തോണി ഡാമിന്‍റെ താഴത്തുള്ളവരും ചെറുതോണി--- പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കലക്ടർ - ജീവൻ ബാബു അറിയിച്ചു. ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്താനായിരുന്നു കഴിഞ്ഞ മാസമെടുത്ത തീരുമാനമെങ്കിലും ഇടമലയാര്‍ കൂടി തുറന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. 

രാവിലെ പത്ത് മണിയ്ക്ക് 2398.8 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ് 2403- റിസര്‍വോയറിന്‍റെ പരമാവധി സംഭരണശേഷി. 
ജലനിരപ്പ് ക്രമാതീതമായി ഉയരുകയും സംഭരണശേഷി കടക്കുകയും ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും ട്രയല്‍ റണ്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ആദ്യഘട്ടത്തിന് ശേഷവും ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനും സാധ്യതയുണ്ട്. രണ്ട് ദിവസം കൊണ്ട് ഇടുക്കി പദ്ധതി പ്രദേശത്ത് 136 മില്ലി മീറ്റര്‍ മഴ ലഭിക്കുകയും നീരൊഴുക്ക് ശക്തമാക്കുകയും ചെയ്തതോടെയാണ് അടിയന്തരമായി ട്രയല്‍ റണ്‍ നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. 

ഡാം തുറക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണസേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല റവന്യൂ വകുപ്പിനെ ഏല്‍പിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ കെ.എസ്.ഇ.ബിയും ജില്ലാഭരണകൂടവും നടത്തിയിരുന്നു. ഇപ്രകാരം പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ചെറുതോണിഡാമില്‍ നിന്നും ചെറുതോണിയാറിലേക്കുള്ള കനാലുകളുടെ ആഴം ഇതിനോടകം കൂട്ടിയിട്ടുണ്ട്.ഇപ്പോള്‍ ഡാം തുറക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇരുന്നൂറോളം കുടുംബങ്ങളെ പെരിയാര്‍ തീരത്ത് നിന്നും മാറ്റും. ദുരന്തനിവാരണസേന നേരത്തെ തന്നെ ഇവിടെ ക്യാംപ് ചെയ്യുന്നുണ്ട്. ഇവര്‍ക്കും ഇപ്പോള്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.