മുംബൈ: കള്ളപ്പണ കേസിലകപ്പെട്ടു ജയിലില്‍ കഴിയുന്ന മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായിരുന്ന ഛഗന്‍ ഭുജ്ബലിന്റെ പുതിയ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു.
പല്ലുവേദനയെന്ന് പറഞ്ഞ് ജയിലില്‍നിന്ന് മുംബൈയിലെ സെന്റ്.ജോര്‍ജ് ആശുപത്രിയില്‍ എത്തിച്ച ഭുജ്ബല്‍ പിന്നീട് നെഞ്ചു വേദന അനുഭവപ്പെടുന്നതായി പറഞ്ഞതിനെ തുടര്‍ന്ന് അതിനുള്ള ചികിത്സയിലാണ്. മഹാരാഷ്ട്രയിലെ ഏറ്റവും സമ്പന്നനും ശക്തനുമായ രാഷ്ട്രീയ നേതാവിയിരുന്ന 68കാരനായ ഭുജ്ബല്‍(68) ഫോട്ടോയില്‍ ആകെ അവശനാണ്. വളര്‍ന്ന് നില്‍ക്കുന്ന താടിയും മുടിയും,കണ്ണുകളടച്ച് വീല്‍ചെയറില്‍ ഇരിക്കുന്ന ഭുജ്ബലിന്റെ ഫോട്ടോയാണ് ആശുപത്രിയില്‍നിന്നും പുറത്തുവന്നത്.
പൊതുമരാമത്ത് മന്ത്രിയായിരിക്കെ വന്‍കിട സര്‍ക്കാര്‍ കരാറുകള്‍ സ്വന്തക്കാര്‍ക്ക് നല്‍കി കോടികളുടെ അഴിമതി നടത്തിയെന്ന കുറ്റത്തിനാണ് ഭീജ്ബല്‍ അറസ്റ്റിലായത്. ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്‍ നിര്‍മാണം അടക്കമുള്ള നിര്‍മാണ പ്രവൃത്തികളുടെ പേരില്‍ ഇയാള്‍ വന്‍തുക പറ്റിയാതായാണ് കേസ്. ബന്ധുവിനൊപ്പമാണ് അഴിമതിക്കേസ്സില്‍ ഭുജ്ബല്‍ അറസ്റ്റിലാകുന്നത്.
മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ നടന്ന 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു ഭുജ്ബല്‍ അറസ്റ്റിലായത്.അറസ്റ്റിനു ശേഷം മുംബൈയിലെ ആര്‍തര്‍ റോഡു ജയിലിലായിരുന്നു ഭുജ്ബല്‍.
ബി ജെ പി യുടെ ഗൂഢാലോചനയുടെ ഭാഗമാണ് തന്റെ അറസ്റ്റ് എന്നാണ് ഭുജ്ബലും എന്‍ സി പി യും ആരോപിച്ചിരുന്നത്.
