ചണ്ഡിഗഡ് സായുധ സേനാ വിഭാഗത്തിലെ ജവാൻ സുരേഷ് മിരി(33) ആണ് ഭാര്യ ലക്ഷ്മിയെ(27) ക്രൂരമായി കൊലപ്പെടുത്തിയത്.
റായ്പൂര്‍: അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്‍റെ പേരിൽ സ്വകാര്യ ഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് ജവാൻ ഭാര്യയെ കൊലപ്പെടുത്തി. റായ്പൂരിലെ ഭാലോഡബസാറിലാണ് സംഭവം. ചണ്ഡിഗഡ് സായുധ സേനാ വിഭാഗത്തിലെ ജവാൻ സുരേഷ് മിരി(33) ആണ് ഭാര്യ ലക്ഷ്മിയെ(27) ക്രൂരമായി കൊലപ്പെടുത്തിയത്. മിരിയെ സര്‍ഗോണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ ദന്തേവാഡയിലെ സിഎഎഫില്‍ ആറാം ബറ്റാലിയനില്‍ പാചകകാരനാണ്. ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം ഇയാളില്‍ ശക്തമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ തുണി അലക്കുകയായിരുന്നു ലക്ഷ്മി. ഈ സമയം വീട്ടില്‍ എത്തിയ സുരേഷ് മിരി യുവതിയെ മർദ്ദിച്ച് അബോധാവസ്ഥയിലാക്കിയ ശേഷം വയര്‍ കൊണ്ട് ലക്ഷ്മിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വൈദ്യുതി കടത്തി വിടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ലക്ഷ്മി മരിച്ചു.
കൊല നടത്തിയ ശേഷം ഇയാൾ ലക്ഷ്മിയുടെ മൃതദേഹം സ്വന്തം ഗ്രാമമായ ഖാജിരിയിൽ എത്തിച്ചു. ലക്ഷ്മി അസുഖത്തെ തുടർന്ന് മരിച്ചുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ലക്ഷ്മിയുടെ മൃതശരീരം പരിശോധിച്ച മാതാപിതാക്കൾ പരിക്കുകൾ കണ്ട് സംശയം തോന്നിയതിനെ തുടർന്ന് പൊലീസിനെ അറിയിക്കുകയും ശവസംസ്കാരം തടയുകയുമായിരുന്നു.
ഭട്ടാപര ഹൗസിങ് ബോർഡ് കോളനിയിലാണ് രണ്ട് മക്കൾക്കൊപ്പം ദമ്പതികൾ താമസിച്ചിരുന്നത്. പിന്നീട് പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയ്ക്കുകയും മിരിയെ കസ്റ്റയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി.
