മുംബൈ: അധോലോക കുറ്റവാളി ഛോട്ടാ രാജനു തിഹാര്‍ ജയിലില്‍ വധഭീഷണി. ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ഛോട്ടാ ഷക്കീലാണു രാജനെ അപായപ്പെടുത്തുമെന്ന് ഭീഷണി സന്ദേശം അയച്ചത്. തുടര്‍ന്നു ജയിലില്‍ രാജന്റെ സുരക്ഷ ശക്തമാക്കി. ദില്ലി പൊലീസ് വ‍ൃത്തങ്ങളാണു വാര്‍ത്ത പുറത്തുവിട്ടത്.

27 വര്‍ഷമായി വിദേശ രാജ്യങ്ങളില്‍ ഒളിച്ചു കഴിയുകയായിരുന്ന ഛോട്ടാ രാജനെ കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണു ബാലിയില്‍വെച്ച് പിടികൂടിയത്. ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു ഇന്ത്യന്‍ ഏജന്‍സികള്‍ ഛോട്ടാ രാജനെ പിടികൂടിയത്. പാക്കിസ്ഥാനില്‍ കഴിയുന്ന തന്റെ ശത്രു ദാവൂദ് ഇബ്രാഹീമിനെ പേടിച്ച് വിവിധ രാജ്യങ്ങളില്‍ ഒളിച്ചു കഴിയുകയായിരുന്നു രാജന്‍.

ഭയംകൊണ്ട് രാജന്റെ മാനസീക നില തെറ്റിയിരുന്നു എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. കൊലപാതകം തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം എഴുപതിലധികം കേസുകളില്‍ പ്രതിയായ രാജനെ മുംബൈ പൊലീസ്, സിബിഐ എന്നിവരുടെ ചോദ്യം ചെയ്യലിനു ശേഷം തിഹാര്‍ ജയിലില്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ജയിലില്‍വെച്ചു രാജനെ വധിക്കുമെന്ന എസ്എംഎസ് സന്ദേശം ലഭിച്ചത് തിഹാര്‍ ജയില്‍ നിയമ ഉദ്യോഗസ്ഥനായ സുനില്‍ ഗുപ്തയ്ക്കാണ്.
എത്ര കാലം രാജനെ സംരക്ഷിച്ചുനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയും. അയാളുടെ അന്ത്യം അടുത്തു കഴിഞ്ഞിരിക്കുന്നു. ഛോട്ടാ ഷക്കീല്‍ അയച്ച ഭീഷണി സന്ദേശത്തിലെ വാക്കുകള്‍ ഇതായിരുന്നു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 24നാണ് സുനില്‍ ഗുപ്തയ്ക്ക് സന്ദേശം കിട്ടിയത് . 971504265138 എന്ന നമ്പറില്‍ നിന്നായിരുന്നു ഭീഷണി സന്ദേശം എത്തിയത്. എസ്എംഎസിനു പിറകെ ഇതേ നമ്പറില്‍നിന്നും തിഹാര്‍ ജയിലിലെ ലാന്റ് നമ്പറിലേക്കും ഫോണ്‍ കോളും വന്നു.
പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ വിഭാഗം വാര്‍ത്ത സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൂടുതലൊന്നും പറയാന്‍ അവര്‍ തയ്യാറല്ല. ഭീഷണി സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ ഛോട്ടാരാജന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചതോടൊപ്പം സുനില്‍ ഗുപ്തയ്ക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

ഒരിക്കല്‍ ദാവൂദ് ഇബ്രാഹീമിന്റെ വലം കൈയായിരുന്ന ഛോട്ടാരാജന്‍ പിന്നീട് ദാവൂദിന്റെ പ്രഖ്യാപിത ശത്രു ആവുകയായിരുന്നു.