കോഴിയിറച്ചിക്ക് രണ്ടാഴ്ച കൊണ്ട് ഇരട്ടിയിലേറെ വില കൂടി
കോഴിയിറച്ചിക്ക് രണ്ടാഴ്ച കൊണ്ട് ഇരട്ടിയിലേറെ വില കൂടി. കനത്ത ചൂടും ജല ദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതാണ് വില കൂടാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. വയറുനിറയെ കോഴിയിറച്ചി കഴിക്കണമെങ്കില്‍ കീശ നിറയെ കാശ് വേണമെന്നതാണ് അവസ്ഥ. 20 ദിവസം മുമ്പ്് 65 രൂപ വിലയുണ്ടായിരുന്ന ഒരു കിലോ കോഴിക്ക് 125 രൂപയാണ് ഇന്നത്തെ വില. കോഴി ഇറച്ചിയുടെ വില 165 ല്‍ നിന്ന് 200 കടന്നു.
റംസാന്‍ എത്തുന്നതോടെ വില ഇനിയും കൂടുമെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതൊന്നും കോഴി ഇറച്ചി പ്രേമികളെ പിന്നോട്ട് വലിക്കില്ല. കോഴിക്ക് നികുതിയുണ്ടായിരുന്ന മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. കോഴി ഇറച്ചിയുടെ വില 100 കടക്കാതെ നിലനിര്‍ത്തുമെന്ന് അവകാശപ്പെട്ട ധനമന്ത്രി ഇടപെടട്ടെ എന്നും ഉപഭോക്താക്കള്‍ പറയുന്നു.
