തിരുവനന്തപുരം: സംസ്ഥാനത്തെ കോഴി വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജിഎസ്ടി നിലവില്‍ വന്നതോടെ കോഴി വില 87 രൂപയാക്കണമെന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് സമരം. ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ ഒരു കിലോ കോഴിക്ക് 100 രൂപ.പതിനാലര ശതമാനം നികുതി കുറഞ്ഞ സാഹചര്യത്തില്‍ 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്നാണ് സര്‍ക്കാര്‍ വാദം. 

എന്നാല്‍ ഉത്പാദനച്ചെലവ് തന്നെ 100 രൂപയോളം വരുമെന്നും തമിഴാനാട്ടില്‍ നിന്ന് കൊണ്ടുവരുന്ന കോഴിക്ക് 125 രൂപ വിലവരുമെന്നും വ്യാപാരികള്‍ പറയുന്നത്. ജിഎസ്ടി വന്നതല്ല ഉത്പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണം . സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി കോഴിക്കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. 

അതേസമയം, കെപ്‌കോയുടെ കോഴിക്കടകളില്‍ 87 രൂപയ്ക്ക് വില്പന നടത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോഴിക്കടകള്‍ അടച്ചിട്ടുള്ള സമരം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളില്‍ വരും ദിവസങ്ങളില്‍ വലിയ പ്രതിസന്ധിക്ക് വഴിവെയ്ക്കും.