സിറ്റി പോലീസ് ഒരുക്കിയ ഹൃസ്വ ചിത്രത്തിന്‍റെ പ്രകാശനവും,പിങ്ക് പെട്രോളിങ്ങിന്‍റെ ഫ്ലാഗ് ഓഫിനുമായാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചിരുന്നത്. ചടങ്ങില്‍ അദ്ദേഹം മാത്രമാണ് പ്രസംഗിക്കുന്നതെന്നാണ് സംഘാടകര്‍ ആദ്യം അറിയിച്ചിരുന്നത്.

നടി ഷീല,മേയര്‍ സൗമിനി ജയിന്‍, എഡിജിപി സന്ധ്യ എന്നിവരെ ഉള്‍പ്പെടുത്തി പരിപാടിയില്‍ മാറ്റം വരുത്തിയത് ഇന്ന് രാവിലെ, ഈ മൂന്ന് പേര്‍ക്കും ഓരോ ചുമതലും നല്‍കി. ഇതോടെ പിങ്ക് പെട്രോളിങ്ങിന്‍രെ ഫ്ളാഗ് മാത്രമായി മുഖ്യമന്ത്രിയുടെ ചുമതല.

പരിപാടി ആരംഭിച്ചതോടെ ആണ് ആശയക്കുഴപ്പം തുടങ്ങിയത്.പിങ്ക് പട്രോളിഗ് പരിചയപ്പെടുത്താനായി അവതാരക സന്ധ്യയെ ക്ഷണിച്ചെങ്കിലും അവര്‍ സമയത്ത് എത്താഞ്ഞതോടെ അത് മുടങ്ങി. പിന്നീട് മുഖ്യമന്ത്രിക്ക് ഉദ്ഘാടനപ്രസംഗത്തിനായി ക്ഷണം. പിന്നാലെ സിറ്റി പോലീസ് കമ്മീഷണര്‍ ഇടപെട്ട് അത് തിരുത്തി. പ്രസംഗത്തിന് ക്ഷണിച്ചു. 

ഇതിനു ശേഷം ഷീലയും,മേയറും പ്രസംഗിച്ചു. അപ്പോഴേക്കും എഡിജിപി വേദിയിലെത്തി. മുഖ്യമന്ത്രിയെ ഗൗനിക്കാതെ മറ്റുള്ളവരുടെ അടുത്തേക്ക്. ഫ്ലാഗ് ഓഫിനായി,മുഖ്യമന്ത്രി എഴുന്നേറ്റതും ഉടന്‍ അവതാരകയുടെ വക ക്ഷണം,എഡിജിപിക്ക്.

ഇതോടെ ക്ഷുഭിതനായ മുഖ്യമന്ത്രി വേദി വിട്ടു. ചടങ്ങ് നിര്‍വഹിച്ച് പോകാന്‍ അഭ്യര്‍ത്ഥിച്ച് കമ്മീഷണറും, മറ്റുദ്യോഗസ്ഥരും പുറകെ ചെന്നെങ്കിലും മുഖ്യമന്ത്രി ഗൗനിച്ചില്ല.തന്‍റെ അനിഷ്ടം പിന്നീട് മുഖ്യമന്ത്രി ബന്ധപ്പെട്ടവരെ അറിയക്കുകയും ചെയ്തെന്നാണ് സൂചന.