ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാൻ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത മണ്ഡലകാലത്തിന് മുന്നോടിയായുള്ള ശബരിമലയിലെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി വിലയിരുത്തി. അവലോകന യോഗത്തിന് ശേഷം സന്നിധാനവും മാളികപ്പുറവും മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

അടുത്ത ഒരു മാസത്തിനുള്ളില്‍, ശബരിമലയിലെ ബാക്കിയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗം പൂര്‍ത്തിയാക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ദര്‍ശന സമയം കൂട്ടണമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്റെ ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം വടം പൊട്ടി അപകടമുണ്ടായ സാഹചര്യം കണക്കിലെടുത്ത് കൂടുതല്‍ മുൻകരുതലുകള്‍ എടുക്കാനും അവലോകന യോഗത്തില്‍ ധാരണയായി. തുടര്‍ന്ന് സന്നിധാനത്തെത്തിയ മുഖ്യമന്ത്രി അവിടത്തെ സംവിധാനങ്ങള്‍ ചോദിച്ച് മനസിലാക്കി.

മാളികപ്പുറത്ത് എത്തിയ മുഖ്യന്ത്രി പ്രസാദം സ്വീകരിച്ച് കുറച്ച് നേരം അവിടെ ചെലവഴിച്ച ശേഷം മടങ്ങി..

സന്നിധാനത്തെ ക്യൂ കോംപ്ലക്സിന്‍റെുയും ജലസംഭരണിയുടേയും ശിലാസ്ഥാപന കര്‍മ്മം മുഖ്യമന്ത്രി നിര്‍വഹിച്ചു. കഴിഞ്ഞ ദിവസം രാത്രി പമ്പയില്‍ നിന്ന് കാല്‍നടയായാണ് മുഖ്യമന്ത്രി സന്നിധാനത്ത് എത്തിയത്. ഒന്നരമണിക്കൂര്‍ കൊണ്ട് നടന്നെത്തിയ മുഖ്യന്ത്രി ഒരിടത്ത് പോലും വിശ്രമിച്ചില്ല.