കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കുമോയെന്നത് വ്യക്തമല്ല. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന്, മാഹി പള്ളൂരില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് സന്ദര്‍ശിക്കും. അതേസമയം തൊട്ടടുത്ത് തന്നെയുള്ള കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കുമോയെന്നത് വ്യക്തമല്ല. കാസര്‍ഗോട്ടെ പരിപാടികള്‍ കഴിഞ്ഞ് വൈകിട്ടോടെ കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി എട്ട് മണിക്കാണ് ബാബുവിന്റെ വീട്ടിലെത്തുമെന്ന് അറിയിച്ചിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ബാബുവിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. മാഹിയില്‍ ബാബുവിന്റെ വീട്ടിന് കിലോമീറ്ററുകള്‍ മാത്രം അപ്പുറമാണ് കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ വീട്. 

മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് നടപ്പാക്കിയ സമാധാന കരാര്‍ നിലനില്‍ക്കെ ഈ വീട്ടില്‍ മുഖ്യമന്ത്രി എത്തുമോയെന്നതാണ് ശ്രദ്ധേയം. അങ്ങനെയെങ്കില്‍ സമാധാന ശ്രമങ്ങളില്‍ ഇത് വലിയ ചുവടാകും. ഉഭയകക്ഷി ചര്‍ച്ചയില്‍ സമാധാനമുറപ്പാക്കാന്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കാന്‍ ഇരുപാര്‍ട്ടികളും തീരുമാനിക്കുകയും ചെയ്തിരുന്നു.

ധര്‍മ്മടം അണ്ടലൂരില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ വീട് സമാധാന ശ്രമങ്ങളുടെ ഭാഗമായി സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ സന്ദര്‍ശിച്ചത് നല്ല ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അതേസമയം, പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ വീട് വലിയ വിവാദങ്ങളുയര്‍ന്നിട്ടും സന്ദര്‍ശിക്കാന്‍ ഇതുവരെ മുഖ്യമന്ത്രി തയാറായിട്ടില്ല. കൊച്ചിയിലെ പരിപാടിക്ക് ശ്രീജിത്തിന്റെ വീട് വഴി കടന്നുപോകേണ്ട മുഖ്യമന്ത്രി ഇതൊഴിവാക്കാന്‍ മറ്റൊരുവഴി തെരഞ്ഞെടുത്തതും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.