രാജ്യത്തെ കള്ളപ്പണ ലോബിക്ക് അവരുടെ കൈവശമുള്ള പണം സുരക്ഷിതമായി മാറ്റുന്നതിനുള്ള എല്ലാ സൗകര്യവും നേരത്തേ തന്നെ നല്‍കിയെന്നാണ് അപ്പോള്‍ കിട്ടുന്ന വിവരം. നോട്ടു പിന്‍വലിക്കാനുള്ള തീരുമാനം അറിയാതെ പോയത് സാധാരണക്കാര്‍ മാത്രമാണ്. തീരുമാനം ചില കേന്ദ്രങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നു. അതിന്റെ ഭാഗമായി ബി.ജെ.പി തന്നെ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു. കള്ളപ്പണക്കാര്‍ക്ക് ഇതുകൊണ്ട് ഒരു ഉപദ്രവവും ഉണ്ടായിട്ടില്ല. മറിച്ച് അധ്വാനിച്ച് പണമുണ്ടാക്കി അതില്‍ നിന്ന് അല്‍പം മിച്ചം വെച്ച് പല കാര്യങ്ങള്‍ക്കൊരുങ്ങിയ സാധാരണക്കാര്‍ക്കാണ് വലിയ പ്രയാസമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇത്രയും ദിവസമായിട്ടും ഒന്നും പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ല. ഇത്ര ഇത്ര നിസ്സംഗമായ മനോഭാവം ഏതെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. പണമിടപാടുകളില്‍ 500,1000 പ്രധാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പകരം സംവിധാനമുണ്ടാക്കാതെ ഇത്തരമൊരു തീരുമാനമെടുക്കാന്‍ മാത്രം ജനങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്. പാവപ്പെട്ട ജനങ്ങളുടെ കൈയ്യിലുള്ളത് കള്ളപ്പണമല്ല. അവര്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണ്. മരുന്നു വാങ്ങാനും ചികിത്സിക്കാനും പണമില്ലാതെ രോഗികള്‍ പ്രയാസപ്പെടുന്നു. ഈ പ്രശ്നത്തില്‍ അകപ്പെട്ട് ജീവനൊടുക്കിയവര്‍ സംസ്ഥാനത്ത് തന്നെയുണ്ട്. ഈ സാഹചര്യത്തില്‍ ദുരഭിമാനം വിട്ട് ഡിസംബര്‍ 30 വരെ പഴയ നോട്ടുകളുടെ സാധാരണ ക്രയവിക്രയത്തിന് അനുമതി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സെക്യൂരിറ്റി ത്രെഡില്ലാതെ 1000 രൂപ അച്ചടിച്ചതുവഴി റിസര്‍വ് ബാങ്കിന് പറ്റിയ കൈപ്പിഴ തിരുത്താനാണ് നോട്ടുകള്‍ പിന്‍വലിച്ചതെന്ന വാര്‍ത്തകള്‍ വിശ്വസിക്കേണ്ട സാഹചര്യമാണുള്ളത്. കാര്യം മനസിലാക്കി തീരുമാനമെടുക്കേണ്ട പ്രധാനമന്ത്രി ഇപ്പോള്‍ രാജ്യത്തില്ല. തീരുമാനം പുറത്തുവന്ന ഉടനെ സംസ്ഥാനത്തിന്റെ വികാരം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തുനല്‍കിയിരുന്നു. ഇന്ന് ദില്ലിയില്‍ കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട് ഇക്കാര്യത്തിലെ ആശങ്ക അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.