തിരുവനന്തപുരം: വയോജന ക്ഷേമത്തിന് സംസ്ഥാന സര്‍ക്കാര്‍ സമഗ്രമായ നയം ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസി മലയാളികളായ വിദഗ്ധ ഡോക്ടര്‍മാരുമായുളള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രായാധിക്യമുളളവര്‍ തനിച്ച് താമസിക്കുന്ന വീടുകളില്‍ ദിവസവും വളണ്ടിയര്‍മാര്‍ സന്ദര്‍ശിക്കുന്ന സംവിധാനത്തെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വയോജനങ്ങള്‍ക്കായി പകല്‍വീടുകള്‍ ഒരുക്കാനും ഉദ്ദേശിക്കുന്നു. രോഗം കാരണം കിടപ്പിലായവര്‍ക്ക് കൃത്യമായ പരിചരണം കിട്ടുന്ന സംവിധാനവും ഇതോടൊപ്പം ഉണ്ടാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഈ പരിപാടിയില്‍ പങ്കാളികളാക്കും. 

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ കൃത്യമായ ആരോഗ്യപരിശോധന ഉറപ്പാക്കുമെന്നും കാന്‍സര്‍ രോഗികളുടെ പട്ടിക തയ്യാറാക്കാനും അതു കാലാകാലങ്ങളില്‍ പുതുക്കാനും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടുകളിലുളളവര്‍ക്കും ആരോഗ്യപരിശോധന നടത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ ഇതു നടപ്പാക്കാന്‍ ശ്രമിക്കും. 

ചെറുപ്പത്തിലേ കൃത്യമായ ആരോഗ്യ പരിശോധന ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ പല രോഗങ്ങളും തടയാനും നിയന്ത്രിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ആരോഗ്യ പരിശോധനയുണ്ടെങ്കിലും അതു വേണ്ടത്ര ഫലപ്രദമല്ലെന്ന് ഡോ.എം.എസ്. വല്യത്താന്‍ ചൂണ്ടിക്കാട്ടി. അനാവശ്യമായ മെഡിക്കല്‍ പരിശോധനയും സ്കാനിങ്ങും ഒഴിവാക്കാന്‍ കഴിയണമെന്ന് ഡോ. എംഎസ്. വല്യത്താന്‍ അഭിപ്രായപ്പെട്ടു. 

ഡോ. കെഎം ചെറിയാന്‍, ഡോ. എംജി ശാര്‍ങdധരന്‍, ഡോ. എംവി. പിളള എന്നിവരും ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി, ഇന്നവേഷന്‍ ആന്‍റ് സ്ട്രാറ്റജിക് ഡവലപ്മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.എം. അബ്രഹാം, മുഖ്യമന്ത്രിയുടെ പ്രന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.