തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചെയ്തവര്‍ ആരായാലും പിടിയിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദിലീപിന്റെ അറസ്റ്റില്‍ 'നന്നായി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. നേരത്തെ ഉള്ള ഡിജിപി ആയാലും ഇടക്കാലത്തുള്ള ഡിജിപി ആയാലും ഇപ്പോള്‍ തുടരുന്ന ഡിജിപി ആയാലും ഇവരോടൊല്ലാം പറഞ്ഞിട്ടുള്ളത് കുറ്റവാളികളെ പിടികൂടുക എന്നാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.

കുറ്റം ചെയ്യുന്നുണ്ടോ എന്നതാണ് പ്രശ്‌നം. കുറ്റം ചെയ്‌തെങ്കില്‍ ആരായാലും പോലീസിന്റെ പിടിയിലാകും. നിയമത്തിന്റെ കരങ്ങളില്‍ കുറ്റവാളികള്‍ പെടുക തന്നെ ചെയ്യും. അതാണുണ്ടായത്. ആദ്യം തന്നെ ഇക്കാര്യം താന്‍ വ്യക്തമാക്കിയതാണ്.

അറസറ്റ് തന്നെ സാധാരണ നിലക്ക് അതിവേഗതയിലായിരുന്നു. പെട്ടന്ന് തന്നെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു. ആ ഘട്ടത്തില്‍ തന്നെ അന്വേഷണം തുടരും എന്ന് വ്യക്തമാക്കിയതാണ്. ഇപ്പോഴും അന്വേഷണത്തിന്റെ വഴിയില്‍ തന്നെയാണ് പോലീസ്. അതിന്റെ ഭാഗായി ആരൊക്കെ പെടേണ്ടതുണ്ടോ അവരൊക്കെ നിയമത്തിന്റെ കരങ്ങളില്‍ പെടും.

ഈ അറസ്റ്റ് നടന്ന ഉടനെ ഗൂഡാലോചനക്കാരുടെ പിന്നാലെ പോകാനല്ല കഴിയുക. പ്രതികളെ പിടികൂടുകയാണ് വേണ്ടത്. അന്വേഷണം തുടരും എന്നാണ് അന്ന് പറഞ്ഞത്. അത് നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.