ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചെയ്ത നല്ലകാര്യങ്ങള്‍ ചൂണ്ടികാട്ടി മുഖ്യമന്ത്രി ഓരോ വീട്ടിലേക്കും കത്തയക്കുന്നത്. ഇതിന് മുന്നോടിയായി വിവിധ വകുപ്പുകളോട് തങ്ങള്‍ ചെയ്തു തീര്‍ത്ത നടപടികളുടെ റിപ്പോ‍ട്ട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലെ പ്രധാന നേട്ടങ്ങളാണ് കത്തില്‍ ഉള്‍ക്കൊള്ളിക്കുക. ക്ഷേമ പെന്‍ഷന്‍ വീടുകളിലേക്ക് എത്തിച്ചതും, ശുചിത്വത്തിന്റെ ഭാഗമായി മുഴുവന്‍ വീടുകളിലും കക്കൂസ് നിര്‍മ്മിക്കന്‍ തീരുമാനിച്ചതും, അഴിമതി തടയാനുള്ള സര്‍ക്കാര്‍ നീക്കങ്ങളടക്കമുള്ള ജനപ്രിയ പദ്ധതികളെല്ലാം കത്തില്‍ മുഖ്യമന്ത്രി വിവരിക്കും. ഈമാസം അവസാനത്തോടെയാണ് വകുപ്പുകള്‍ റിപ്പോ‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറേണ്ടത്. തുടര്‍ന്ന് ഓണത്തോടനുബന്ധിച്ച് കത്ത് വീടുകളിലെത്തും. സര്‍ക്കാര്‍ തീരുമാനങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ മറച്ചു പിടിയ്ക്കുകയാണെന്ന ആക്ഷേപം പിണറായി സര്‍ക്കാരിന് നേരിടേണ്ടി വരുമ്പോഴാണ് മുഖ്യമന്ത്രി ഭരണനേട്ടം നാട്ടുകാരെ കത്തെഴുതി അറിയിക്കുന്നത്.