ഇന്ത്യയുടെ ആക്രമണത്തിന് തിരിച്ചടി നല്കുമെന്ന് പാകിസ്ഥാന്‍ സേനാമേധാവി ജനറല്‍ റഹീല്‍ ഷരീഫ് ഭീഷണി മുഴക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തയിലും നിയന്ത്രണ രേഖയിലും കനത്ത ജാഗ്രത തുടരുകയാണ്. കരസേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗ് സ്ഥിതി നിരീക്ഷിക്കാന്‍ ഉധംപൂരിലെത്തി. കമാന്‍ഡോ ഓപ്പറേഷനില്‍ പങ്കെടുത്ത ജവാന്‍മാരെയും കരസേനാ മേധാവി കാണുന്നുണ്ട്. ഉറിയില്‍ നടന്ന ഭീകരാക്രമണം തടയാനാവാത്ത സാഹചര്യത്തില്‍ കരസേനയും ഉറി ബ്രിഗേഡ് കമാന്‍ഡറെ സ്ഥലം മാറ്റാനുള്ള തീരുമാനവും ഇന്ന് കൈക്കൊണ്ടു. അഖ്നൂര്‍ മേഖലയില്‍ പുലര്‍ച്ചെ നാലുമണിക്ക് പാകിസ്ഥാന്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിവച്ചു. ഇന്ത്യ തിരിച്ചടിച്ചു. 

പരാതിയുമായി പാകിസ്ഥാന്‍ വീണ്ടും ഐക്യരാഷ്‌ട്രസഭയെ സമീപീച്ചു. ഇന്ത്യ രാജ്യാന്തരമര്യാദകള്‍ ലംഘിച്ചു എന്നാണ് പാക് അംബാസഡര്‍ മലീഹ ലോധി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണിനോട് പരാതിപ്പെട്ടത്. ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടാമെന്ന് യു.എന്‍ പ്രതികരിച്ചു. ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പാക് പ്രതിരോധമന്ത്രി ഉള്‍പ്പടെയുള്ളവര്‍ സൂചന നല്കുന്നതിനെതിരെ അമേരിക്ക ഇന്ന് ശക്തമായി രംഗത്തുവന്നു. ഒരു രാജ്യത്തിനും ഇത്തരമൊരു നിലപാട് പാടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു. എല്ലാം അംഗരാജ്യങ്ങളും പങ്കെടുത്താല്‍ മാത്രമേ സാര്‍ക്ക് ഉച്ചകോടി നടത്താവൂ എന്ന് മാലിദ്വീപും ഇന്ന് ആവശ്യപ്പെട്ടതും പാകിസ്ഥാന് തിരിച്ചടിയായി.