എഡിജിപി ശ്രീലേഖയ്ക്കെതിരെ വിജിലൻസ് അന്വേഷണം വേണ്ടെന്ന് ചീഫ് സെക്രട്ടറി. ശ്രീലേഖയ്ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം തള്ളി. ശ്രീലേഖ നൽകിയ വിശദീകരണം തൃപ്തികരമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. ഇക്കാര്യം സർക്കാർ ഇന്ന് കോടതിയെ അറിയിക്കും.
ശ്രീലേഖ ട്രാൻസ്പോർട്ട് കമ്മിഷണർ ആയിരിക്കെ ഉയർന്ന ആരോപണങ്ങളിലായിരുന്നു വിജിലന്‍ അന്വേഷണത്തിന് ശുപാര്‍ശയുണ്ടായിരുന്നത്. ശ്രീലേഖയ്ക്കെതിരായ അന്വേഷണ റിപ്പോർട്ട് പൂഴ്ത്തിയെന്ന് ആരോപിച്ചുള്ള സ്വകാര്യ ഹർജിയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ആർ ശ്രീലേഖ ഗതാഗത കമ്മിഷണറായിരിക്കെ നടത്തിയ വിദേശയാത്രകൾ, സ്ഥലം മാറ്റങ്ങൾ, ഫണ്ട് വിനിയോഗം എന്നിവയിൽ ക്രമക്കേടുണ്ടെന്നായിരുന്നു മുൻ ഗതാഗത കമ്മിഷണർ ടോമിൻ ജെ തച്ചങ്കരിയുടെ റിപ്പോർട്ട്. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഗതാഗത മന്ത്രി ശ്രീലേഖയ്ക്കെതിരെ വിജിലൻസ് അന്വേഷണം നടത്താൻ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. അതേസമയം ശ്രീലേഖയ്ക്കെതിരായ മുൻ ഗതാഗത കമ്മിഷണറുടെ റിപ്പോർട്ടിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് കാണിച്ച് പായിച്ചിറ നവാസ് എന്ന വ്യക്തി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജിയും നൽകി. ഹർജിയിൽ ശനിയാഴ്ചയ്ക്കകം സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടിതി വിജിലൻസ് അഭിഭാഷകർക്ക് നിർദ്ദേശം നല്‍കിയിരുന്നു. എന്നാൽ സാവകാശം വേണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നിരന്തരം കോടതി വ്യവഹാരവുമായെത്തുന്ന പായ്ച്ചിറ നവാസിന്‍റെ പ്രവർത്തനങ്ങളിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ഇന്‍റലിജൻസ് എഡിജിപി ശ്രീലേഖ നേരത്തെ സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു.
