കോഴിക്കോട്: കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. പോക്സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്. ഈ വര്‍ഷം ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം 1134 കേസുകളാണ് രജിസ്റ്റര്‍ചെയ്യപ്പെട്ടിരിക്കുന്നത്. 

കേരളത്തില്‍ ഓരോ വര്‍ഷവും കുട്ടികള്‍‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് പോലീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2013 ല്‍ പോക്സോ നിയമപ്രകാരം 1016 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെങ്കില്‍ 2016 ല്‍ എത്തിയപ്പോള്‍ ഇത് 2122 ആയി. വെറും മൂന്ന് വര്‍ഷം കൊണ്ട് ഇരട്ടിയില്‍ അധികം വര്‍ധന.

ഈ വര്‍ഷം മെയ് വരെ മാത്രം 1134 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലാണ് ഈ വര്‍ഷം ഏറ്റവുമധികം പോക്സോ കേസുകള്‍- 143. എറണാകുളത്ത് 123 ഉം കൊല്ലത്ത് 122 ഉം കോഴിക്കോട്ട് 108 കേസുകളും ഈ വര്‍ഷം മെയ് വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്. 37 എണ്ണം.

2016 ലും 261 കേസുകളുമായി തിരുവനന്തപുരം ജില്ല തന്നെയായിരുന്നു കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമത്തില്‍ മുന്നില്‍. കുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളും വര്‍ഷം തോറും വര്‍ധിക്കുകയാണ്. 2012 ല്‍ 455 എണ്ണമായിരുന്നെങ്കില്‍ 2016 ആയപ്പോഴേക്കും ഇത് 958 എണ്ണമായി. ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ മാത്രം കുട്ടികളെ ബലാത്സംഗം ചെയ്ത 375 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സംസ്കാര സമ്പന്നരെന്ന് നാം സ്വയം വിലയിരുത്തുമ്പോഴും കേരളത്തില്‍ കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഏറെ ആശങ്കയോടെ പരിശോധിക്കേണ്ട അവസ്ഥയാണിത്.