കുവൈത്ത് സിറ്റി: കുവൈത്തില്‍ കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ കഴിഞ്ഞ വര്‍ഷം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 60 ശതമാനത്തിന്റെ വര്‍ധനവാണ് 2015-ല്‍ രേഖപ്പെടുത്തിയത്. 2015-ല്‍ മാത്രം 108 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്ന് ആരോഗ്യ മന്ത്രാലയത്തിലെ ശിശുവിഭാഗം വകുപ്പ് മേധാവി ഡോ. മുന അല്‍ ഖവാരി പറഞ്ഞു.

2010 മുതല്‍ 2014-വരെ 299 കേസുകളായിരുന്നു. മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 60 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ശാരീരിക ഉപദ്രവങ്ങളാണ് അധികവും. 25-ലൈംഗിക പീഡനങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12-നും 18-നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് ഇരകളാകുന്നതില്‍ ഏറെയും.

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ചെറുക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത് മേഖല ഉച്ചകോടി ഈ മാസം 18 മുതല്‍ 20 വരെ നടക്കുമെന്ന് ആരോഗ്യ മന്ത്രാലയം നിയമ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.