എന്നാൽ നീരുണ്ടായ ഉടൻ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോക്ടർ ജയശ്രീ ആരോപിക്കുന്നു. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ഡോക്ടർ പറഞ്ഞു.
പാലക്കാട്: ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ചികിത്സ പിഴവില്ലെന്ന വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. പ്ലാസ്റ്റർ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കയ്യിൽ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. കൈ പൂർണമായും പ്ലാസ്റ്റർ ഇട്ടിരുന്നില്ല. 24,25,30 തീയതികളിലാണ് കുട്ടിയെ കൊണ്ടുവന്നത്. നീരുണ്ടെങ്കിൽ വരണമെന്ന് അറിയിച്ചിരുന്നു. എന്നാൽ നീരുണ്ടായ ഉടൻ എത്തിച്ചില്ലെന്നും സൂപ്രണ്ട് ഡോക്ടർ ജയശ്രീ ആരോപിക്കുന്നു. ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും ഡോക്ടർ പറഞ്ഞു.
അതേ സമയം, സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ പെൺകുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നുവെന്നും സെപ്തംബർ 30 ന് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൈയിലെ രക്തയോട്ടം നിലച്ചിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഉടൻ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.
പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടർമാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇത് ഡിഎംഒയ്ക്ക് കൈമാറി. ഡോക്ടർമാരെ പിന്തുണച്ച് കെജിഎംഒഎയും രംഗത്തെത്തിയിട്ടുണ്ട്. കുട്ടിയ്ക്ക് പരമാവധി ചികിത്സ നൽകിയിരുന്നതായി കെജിഎംഒഎ വ്യക്തമാക്കുന്നു. കൈമുറിച്ചു മാറ്റേണ്ടി വന്നത് അപൂർവമായി സംഭവിക്കുന്ന ചികിത്സ സങ്കീർണത മൂലമാണെന്നാണ് വിശദീകരണം.



