കോയന്പത്തൂരില്‍ മൈക്രോബയോളജി വിദ്യാര്‍ത്ഥിയാണ് 21-കാരനായ മുഹമ്മദ് നബീലെന്നും ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും പൊലീസ് പറയുന്നു. 

പാലക്കാട്: മലപ്പുറം--പാലക്കാട് ജില്ലാ അതിര്‍ത്തിയായ കൊപ്പത്ത് സഹോദരന്‍റെ കുത്തേറ്റ ഒന്‍പത് വയസ്സുകാരന്‍ കൊലപ്പെട്ടു. കൊപ്പം നടുവട്ടത്ത് കൂര്‍ക്കപ്പറന്പ് വീട്ടില്‍ ഇബ്രാഹിമിന്‍റെ മകന്‍ മുഹമ്മദ് ഇബ്രാഹിമാണ് കൊലപ്പെട്ടത്. ശനിയാഴ്ച്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. 

വീട്ടിലുണ്ടായ വഴക്കിനിടെ സഹോദരനായ നബീല്‍ ഇബ്രാഹിം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന്‍റെ നെഞ്ചത്ത് കുത്തിയ മുഹമ്മദ് നബീല്‍ ഇളയ അനുജനും ഏഴ് വയസ്സുകാരനായ അഹമ്മദിനേയും കുത്തി. ആക്രമണത്തില്‍ കഴുത്തിന് ഗുരുതരമായ പരിക്കേറ്റ അഹമ്മദ് ഇപ്പോള്‍ ആശുപത്രിയിലാണ് 

മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്‍റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്ത് കാരണം പെട്ടെന്ന് തന്നെ കുട്ടി മരിച്ചെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നബീല്‍ ഇബ്രാഹിമിനെ നാട്ടുകാര്‍ പിടികൂടി വളാഞ്ചേരി പൊലീസിന് കൈമാറി. ഇയാളെ പിന്നീട് കേസ് അന്വേഷിക്കുന്ന കൊപ്പം പൊലീസിന് വിട്ടു കൊടുത്തു. കോയന്പത്തൂരില്‍ മൈക്രോബയോളജി വിദ്യാര്‍ത്ഥിയാണ് 21-കാരനായ മുഹമ്മദ് നബീലെന്നും ഇയാള്‍ കഞ്ചാവിന് അടിമയാണെന്നും പൊലീസ് പറയുന്നു.