തിരൂര്‍: മലപ്പുറത്ത് കുട്ടികളെ കൊണ്ട് ലോഡ് ഇറക്കിച്ച് സ്‌കൂള്‍ അധികൃതര്‍. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ഒരു ലോറി നിറയെയുള്ള സാധനങ്ങളാണ് ഇറക്കിയത്. മലപ്പുറം തിരൂര്‍ കൂട്ടായി എം എം എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. കുട്ടികളെ കൊണ്ട് 500 സൈക്കിളുകളുടെ പാര്‍ട്‌സുകള്‍ മുഴുവന്‍ ലോറിയില്‍ നിന്ന് താഴെ ഇറക്കിക്കുന്ന ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

തീരദേശ മേഖലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടിയുള്ള സൈക്കിളിന്റെ പാര്‍ട്‌സുകളാണ് 13 നും 15 ഇടയില്‍ പ്രായമുള്ള കുട്ടികളെ കൊണ്ട് ഇറക്കിപ്പിച്ചത്. കുട്ടികള്‍ വളരെ പ്രയാസപ്പെട്ട് ചാക്കുകള്‍ ഇറക്കിവയ്ക്കുന്നതും നിര്‍ദ്ദേശങ്ങള്‍ നല്‍കി അധികൃതര്‍ അടുത്ത് നിര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, സ്‌കൂളിലെ വിദ്യാര്‍ത്ഥികളല്ല ലോഡ് ഇറക്കിയതെന്നായിരുന്നു അധികൃതരുടെ ആദ്യ പ്രതികരണം. ദൃശ്യങ്ങള്‍ പുറത്തുവന്നതിനു ശേഷവും കുട്ടികള്‍ ലോഡ് ഇറക്കുന്നത് തങ്ങള്‍ അറിഞ്ഞില്ല എന്ന് അധികൃതര്‍ വാദിക്കുന്നു. ബാലാവകാശ സംരക്ഷണ കമ്മീഷന് പരാധി നല്‍കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍.