ചെന്നൈ: ഗജ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടം നികത്താൻ പണം കണ്ടെത്തുന്നതിനായി തഞ്ചാവൂരിൽ മാതാപിതാക്കൾ കുട്ടിയെ ബാലവേലയ്ക്ക് അയച്ചു. തമിഴ്നാട്ടിലെ കാരിക്കാട് ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ഇരുപത് ദിവസമായി പ്രദേശത്തെ കൃഷിയിടത്തിൽ കാലിമേയ്ക്കലിന് നിയോഗിക്കപ്പെട്ട കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ മോചിപ്പിച്ചു. 

നാഗപട്ടണം സബ് കളക്ടറുടെ നേതൃത്വത്തിൽ കുട്ടിയെ തഞ്ചാവൂരിലെ ചൈൽഡ് ലൈൻ ഹോമിലേക്ക് മാറ്റി. പതിനായിരം രൂപയ്ക്ക് പന്ത്രണ്ട് വയസുകാരനെ  ബലവേലയ്ക്ക് അയച്ച കുട്ടിയുടെ പിതാവിന് എതിരെ പൊലീസ് കേസെടുത്തു. ഗജ ചുഴലിക്കാറ്റ് കാര്യമായി ബാധിച്ച തമിഴ്നാട്ടിലെ വടക്കൻ മേഖലകളിൽ സർക്കാർ സഹായം കാര്യക്ഷമമല്ലെന്ന് ആരോപണങ്ങൾക്കിടെയാണ് സംഭവം.