കോഴിക്കോട്: ജനവാസ മേഖലയെ ഗെയില്‍ പദ്ധതിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുക്കത്ത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ ഒരു ദിവസത്തെ ഉപവാസ സമരം തുടങ്ങി. മുക്കം സര്‍ക്കാര്‍ പറമ്പ് മദ്രസയ്ക്കു സമീപമാണ് ഗെയില്‍ വിഷയത്തില്‍ നാട്ടുകാരുടെ പുതിയ സമരരൂപം. പന്തല്‍ കെട്ടി രാപ്പകല്‍ സമരം നടത്തുകയാണ് നാട്ടുകാര്‍. കൈക്കുഞ്ഞുങ്ങളെയുമായി സ്ത്രീകളും സമരരംഗത്തുണ്ട്. ഒരു ദിവസം നീണ്ടു നില്‍ക്കുന്ന ഉപവാസ സമരത്തില്‍ പഠിപ്പു മുടക്കി വിദ്യാര്‍ഥികളും പങ്കെടുക്കുമെന്ന് സമരസമതി ഭാരവാഹികള്‍ പറഞ്ഞു.

ജനങ്ങളുടെ ആശങ്ക പരിഹരിക്കും വരെ സമരത്തെ പിന്തുണയ്ക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഗെയില്‍ സമരത്തിന് പിന്തുണയുമായി മുക്കത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച യുവജന പ്രതിരോധം സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്നും ജനവാസ മേഖലകളെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.