ഗൊരഖ്പൂര്‍: ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി അശുതോഷ് താണ്ഡലിന്‍റെ വാദങ്ങള്‍ പൊളിയുന്നു. ഗൊരഖ് പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ 63 കുട്ടികള്‍ മരിച്ചത് ഓക്സിജന്‍റെ കുറവ് മൂലമല്ലായെന്നും ചില ആരോഗ്യ പ്രശ്‍നങ്ങള്‍ മൂലമാണെന്നും ഉത്തര്‍ പ്രദേശ് ആരോഗ്യ മന്ത്രി അശുതോഷ് താണ്ഡല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഓക്സിജന്‍ എത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആശുപത്രി സര്‍ക്കാരിന് അയച്ച കത്ത് പുറത്തായി. ഈ മാസം 3 നും 10 നും അധികൃതര്‍ സര്‍ക്കാരിന് അയച്ച കത്ത് പുറത്ത് വന്നതോടെ മന്ത്രിയുടെ വാദം പൊളിഞ്ഞു. ഓക്സിജന്‍ വിതരണ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ 66 ലക്ഷം നല്‍കിയില്ലെങ്കില്‍ ഓക്സിജന്‍ വിതരണം നിര്‍ത്തി വെക്കും എന്ന് അറിയിച്ചിരുന്നു എന്നാണ് വിതരണ കമ്പനി അവകാശപ്പെടുന്നത്. സര്‍ക്കാരിനെതിരെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് യോഗി ആദിത്യ നാഥ് വിദ്യാഭ്യാസ മന്ത്രി, ആരോഗ്യമന്ത്രി എന്നിവരെ വിളിച്ച് വരുത്തി അന്വേഷണത്തിനും ഉത്തരവാദികള്‍ക്കെതിരെ നടപടികള്‍ക്കും ഉത്തരവിട്ടു. ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ അയല്‍ സംസ്ഥാനത്ത് നിന്ന് 150 സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.