ദില്ലി: തന്നെ വെറും ചില്ലറയായി ചിത്രീകരിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് എം.പി ശശി തരൂരിന് ക്ലാസ് മറുപടിയുമായി ലോകസുന്ദരി മാനുഷി ചില്ലര്‍. ലോകത്തില്‍ വലിയ നേട്ടങ്ങൡലൊന്ന് സ്വന്തമാക്കിയ ഒരു പെണ്‍കുട്ടിയെ ഇത്തരം നാവ്‌ചൊറിച്ചലുകള്‍ക്ക് തളര്‍ത്താന്‍ കഴിയുമെന്നാണോ കരുതുന്നത്- ഇങ്ങനെയായിരുന്നു മാനുഷിയുടെ മറുപടി.

ഇന്ത്യന്‍ പണം ലോകത്തെ കീഴടക്കിയെന്ന് ബിജെപി തിരിച്ചറിയണമെന്നും 'ചില്ലര്‍' (ചില്ലറ) പോലും ലോക സുന്ദരിയായി എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. 17 വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം തിരിച്ചെത്തിച്ച മാനുഷിയെ തരംതാഴ്ത്തിയ ശശി തരൂരിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് ട്വീറ്റ് വിവാദമായതോടെ താന്‍ തമാശ പറഞ്ഞതാണെന്നും ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു.

മറുപടിയുമായി ചില്ലര്‍ രംഗത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ഇത്തരമൊരു മറുപടി സ്വപ്‌നങ്ങളില്‍ മാത്രമാണെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയ ഇതിനെ ഏറ്റെടുത്തിരിക്കുന്നത്.