ഇന്ത്യയുടെ ബ്രഹ്മപുത്ര ടിബറ്റിലെത്തുമ്പോള്‍ യാർലങ് സാങ്ബോ നദിയാണ്. ബ്രഹ്മപുത്രയുടെ പോഷകനദിയായ സിയാബുകുവിൽ 74 കോടി ഡോളർ ചെലവിട്ട് ചൈനയുടെ അണക്കെട്ട് നിർമ്മിക്കുന്നതായി ചൈനീസ് വാർത്താ ഏജൻസി സിൻഹ്വായാണ് റിപ്പോർട്ട് ചെയ്തത്. സിക്കിമിനടുത്തുള്ള സിഗാസെയിൽ നിന്ന് അരുണാചൽ പ്രദേശിലേക്കുള്ള ബ്രഹ്മപുത്രനദിയുടെ ഒഴുക്ക് തടഞ്ഞുകൊണ്ടാണ് ചൈനയുടെ അണക്കെട്ട് നിർമ്മാണം. പദ്ധതി 2019ൽ പൂർത്തിയാകുന്നതോടെ ഇന്ത്യയെയും ബംഗ്ലാദേശിനെയും , ബ്രഹ്മപുത്രയുടെ ഗതിമാറ്റം സാരമായി ബാധിക്കുമെന്ന് ഉറപ്പാണ്.

കഴിഞ്ഞ വർഷം ടിബറ്റിൽ ബ്രഹ്മപുത്രക്ക് കുറുകെ സാം ജലവൈദ്യുത സ്റ്റേഷൻ സ്ഥാപിച്ച ചൈനയുടെ നടപടിയിൽ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. എന്നാൽ, ഇന്ത്യയിലേക്കുള്ള വെള്ളമൊഴുക്ക് തടയാനല്ല അണക്കെട്ട് നിർമ്മാണമെന്ന ന്യായത്തിൽ ഉറച്ചുനിൽക്കുകയാണ് ചൈന. ടിബറ്റിൽ ബ്രഹ്മപുത്രക്ക് കുറുകെ മൂന്ന് ജലവൈദ്യുത സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാൻചൈന പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. 

ഇന്ത്യയും ചൈനയും തമ്മിൽ നദീജല കരാറുകളില്ലെങ്കിലും , 2013ൽ ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് ഇപ്പോഴത്തെ അണക്കെട്ട് നിർമ്മാണം അംഗീകരിക്കാനാകില്ലെന്നാണ് ഇന്ത്യൻ വാദം. പാകിസ്ഥാനുമായുള്ള സിന്ധുനദീജല കരാ‌ർ ഇന്ത്യ പുനഃപരിശോധിക്കുന്നതിനിടെയാണ് ബ്രഹ്മപുത്രയെ തടഞ്ഞുള്ള ചൈനീസ് അണക്കെട്ട് വിവാദമാകുന്നത്.