ബെയ്ജിംഗ്: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ചൈന.
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തെ തങ്ങള്‍ക്ക് ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്നും അരുണാചല്‍ പ്രദേശ് എന്ന ആശയത്തെ തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് ലു കംഗ് പറഞ്ഞു.
പതിവ് വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ ഇതു സംബന്ധിച്ച ചോദ്യം ഉന്നയിച്ചപ്പോള്‍ ആണ് ലു കംഗ് ഇക്കാര്യം പറഞ്ഞത്. അരുണാചല്‍ വിഷയത്തില്‍ ചൈനയ്ക്ക് വ്യക്തവും കൃത്യവുമായ നിലപാടുണ്ട് അതില്‍ നിന്നൊരിക്കലും തങ്ങള്‍ മാറിയിട്ടില്ല - ലുകംഗ് പറഞ്ഞു.
ഇന്ത്യ-ചൈന ബന്ധം ഇപ്പോള്‍ നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നു പോവുകയാണ്. അതിര്‍ത്തിയിലെ അന്തരീക്ഷം വഷളാക്കുന്ന നിലപാട് ഇന്ത്യ സ്വീകരിക്കില്ലെന്നും, ഉഭയകക്ഷി ബന്ധം ദൃഢപ്പെടുത്താനുള്ള സാഹചര്യം ഇന്ത്യയൊരുക്കുമെന്നുമാണ് ഞങ്ങള്‍ കരുതുന്നത്.
അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ശ്രമിക്കുകയാണ്. സുതാര്യവും യുക്തിപൂര്‍ണവുമായ ഏത് ഒത്തുതീര്‍പ്പിനും തങ്ങള്‍ തയ്യാറുമാണ് - ലുകംഗ് വ്യക്തമാക്കി.
