ബീജിംഗ്: ഭീകരര്‍ക്ക് സുരക്ഷ ഒരുക്കുന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാനെ തള്ളിപ്പറഞ്ഞ അമേരിക്കയുടെ നടപടിയില്‍ പാക്കിസ്ഥാന് പിന്തുണയുമായി ചൈന. ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നടത്തിയ ശക്തമായ ഇടപെടലുകളും ത്യാഗവും വളരെ വലുതാണ്. ഇത് ആഗോള സമൂഹം അംഗീകരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. 

ചൈനയും പാക്കിസ്ഥാനും നല്ല ബന്ധത്തിലാണ്. ഇരു ഭാഗത്തും നേട്ടങ്ങള്‍ കൊണ്ടുവരാന്‍ ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് ചൈനയും പാക്കിസ്ഥാനുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ജെങ് ഷ്വാന്‍ പറഞ്ഞു. 

പുതുവര്‍ഷത്തിലെ ആദ്യ ട്വീറ്റ് പാക്കിസ്ഥാനെ വിമര്‍ശിക്കാനാണ് ട്രംപ് ഉപയോഗിച്ചതെന്നത് ശ്രദ്ധേയമായിരുന്നു. പാകിസ്ഥാന്‍ ഭീകര്‍ക്ക് സുരക്ഷിത താവളമൊരുക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ ട്വീറ്റ്. അഫ്ഗാനിലെ തീവ്രവാദ വേട്ടക്ക് പാക്കിസ്ഥാനില്‍ നിന്ന് നാമമാത്രമായ സഹായം മാത്രമാണ് ലഭിച്ചത്. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ധനസഹായം സ്വീകരിച്ച പാക്കിസ്ഥാന്‍ തിരച്ച് ഒരു സഹായവും ചെയ്തില്ല. സഹായം വാങ്ങി പാക്കിസ്ഥാന്‍ അമേരിക്കയെ ചതിക്കുകയായിരുന്നുവെന്നും ട്രംപ് ട്വീറ്റില്‍ കുറിച്ചിരുന്നു. 

ഇതിന് മറുപടിയുമായി പാക് വിദേശകാര്യമന്ത്രി ഖുറാം ദസ്ത്ഗിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. പാക്കിസ്ഥാന് അമേരിക്കയില്‍നിന്ന് നിന്ദയും അവിശ്വാസവുമല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഖുറാം ട്വിറ്ററിലൂടെ പ്രതികരിച്ചത്. അഫ്ഖാനിസ്ഥാനിലെ തോല്‍വിയ്ക്ക് പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

അതേസമയം ട്രംപിന്റെ നടപടിയെ പിന്തുണയ്ക്കുന്നതായിരുന്നു വിഷയത്തില്‍ ഇന്ത്യയുടെ പ്രതികരണം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ പാക്കിസ്ഥാന് പങ്കുണ്ടെന്ന ഇന്ത്യന്‍ നിലപാടിനെ സാധൂകരിക്കുന്നതാണ് ട്രംപിന്റെ ട്വീറ്റ്. അവസാന നിമിഷം വരെയും ഭീകരവാദി ഭീകരവാദി തന്നെയാണ്, ഭീകരവാദം എപ്പോഴും ഭീകരവാദവും. ഇത് ഒരു ദേശീയതയെയോ രാജ്യത്തെയോ ഒരു മതത്തെയോ ഒഴിവാക്കില്ലെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിംഗ് പ്രതികരിച്ചത്.