ബീജിംഗ്: അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മാത്രമെ കൈലാസ യാത്ര അനുവദിക്കൂവെന്ന് ചൈന. സിക്കിം അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണം ഇന്ത്യന്‍ സൈന്യം ത‍ടഞ്ഞതാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ നടപടി 1890ലെ സിനോ-ബ്രിട്ടീഷ് ഉടമ്പടിയുടെ ലംഘനമാണെന്നും ചൈന ആരോപിക്കുന്നു.

ഉടമ്പടി പ്രകാരം ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന സിക്കിമിലെ ഭാഗങ്ങള്‍ ചൈന അതിര്‍ത്തിയില്‍ ഉള്‍പ്പെടുന്നതാണ്. ഈ പ്രശ്നത്തില്‍ തീരുമാനം ഉണ്ടാകുന്നതുവരെ മാനസസരോവറിലേക്ക് നാഥുലാപാസ് വഴിയുള്ള യാത്ര അനുവദിക്കില്ലെന്ന് ചൈന വ്യക്തമാക്കി. മാനസസരോവറിലേക്കുള്ള 47 യാത്രികരെ കഴിഞ്ഞ ദിവസം ചൈനീസ് പട്ടാളം തടഞ്ഞിരുന്നു. റോഡ് നിര്‍മ്മാണം തടഞ്ഞതില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ രണ്ട് ബങ്കറുകള്‍ സിക്കിംഗ് അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം നശിപ്പിക്കുകയും ചെയ്തു.

എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം ഇന്ത്യയാണെന്ന് ചൂണ്ടിക്കാട്ടി ചൈന ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇന്ത്യ-അമേരിക്ക സൗഹൃദ ചര്‍ച്ചകളാണ് ചൈനയുടെ പ്രകോപനത്തിന് കാരണമെന്നാണ് വിദേശകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ ദില്ലിയില്‍ തിരിച്ചെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. മുതിര്‍ന്ന കേന്ദ്ര മന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തും. സേനാതലവന്മാരുമായും ചര്‍ച്ച നടത്തിയേക്കും.