ചൈനീസ് പ്രസിഡന്റ് ഷീജിങ്പിങുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹാഫിസ് സഈദിനെ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റി സമാധാനമായി ജീവിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശം വന്നത്.

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഹാഫിസ് സഈദിനെ ഏതെങ്കിലും പശ്ചിമേഷ്യന്‍ രാജ്യത്തേക്ക് മാറ്റി പ്രശ്നങ്ങളില്‍ നിന്ന് തടിയൂരാന്‍ പാകിസ്ഥാന് ചൈനയുടെ ഉപദേശം. ഐക്യരാഷ്‌ട്രസഭയ്‌ക്ക് പുറമേ ഇന്ത്യയും അമേരിക്കയും തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹാഫിസ് സഈദിനെ സംരക്ഷിക്കുന്നുവെന്ന പഴി പാകിസ്ഥാന് ഒഴിവാക്കാക്കിക്കൊടുക്കാനാണ് ചൈനയുടെ നീക്കം. ഭീകരസംഘടനകള്‍ക്കെതിരെ നടപടിയെടുക്കാത്തതിന്റെ പേരില്‍ നിലവില്‍ പാകിസ്ഥാനെതിരെ ഉയര്‍ന്നുവരുന്ന അന്താരാഷ്‌ട്ര സമ്മര്‍ദ്ദം ഇങ്ങനെ മറികടക്കാമെന്നാണ് കണക്കുകൂട്ടുന്നത്.

ചൈനീസ് പ്രസിഡന്റ് ഷീജിങ്പിങുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷാഹിദ് അബ്ബാസി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹാഫിസ് സഈദിനെ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റി സമാധാനമായി ജീവിക്കാന്‍ അനുവദിക്കണമെന്ന നിര്‍ദ്ദേശം വന്നത്. പാകിസ്ഥാന്‍ പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ ഹിന്ദു'വാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഷീജിങ്പിങും അബ്ബാസിയുമായി നടത്തിയ 35 മിനിറ്റ് ചര്‍ച്ചയില്‍ 10 മിനിറ്റ് ഹാഫിസ് സഈദിനെക്കുറിച്ച് മാത്രമാണ് സംസാരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്‌ട്ര ശ്രദ്ധയില്‍ നിന്ന് ഹാഫിസ് സഈദിനെ ഉടന്‍ മാറ്റണമെന്നാണ് ചൈനയുടെ ആവശ്യം. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നിയമവിദഗ്ദരോട് അഭിപ്രായം തേടിയിട്ടുണ്ട്. മേയ് 31ന് നിലവിലുള്ള സര്‍ക്കാറിന്റെ കാലാവധി തീരുന്നതിനാല്‍ അടുത്ത സര്‍ക്കാറായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുകയെന്നാണ് സൂചന. ജൂലൈ അവസാനത്തിലാണ് പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ്.

ഇന്ത്യയുടെയും അമേരിക്കയുടെയും നിര്‍ബന്ധത്തന് വഴങ്ങി ഹാഫിസ് സഈദിനെതിരെയും ജമാഅത്തുദ്ദഅ്‍വയ്‌ക്കെതിരെയും നടപടിയെടുക്കുന്നുവെന്നാണ് പാകിസ്ഥാനില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുള്ളത്. തന്നെ പാകിസ്ഥാന് പുറത്തേക്ക് അയക്കാന്‍ ചൈന ആവശ്യപ്പെടുമെന്ന് കരുതുന്നില്ലെന്ന് ചൊവ്വാഴ്ച ഹാഫിസ് സഈദ് വെളിപ്പെടുത്തി. എന്നാല്‍ പാകിസ്ഥാന് മുകളില്‍ ഒരു സൂപ്പര്‍ പവറാവാന്‍ ചൈന ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തെ ഒന്‍പത് മാസത്തോളം ഹാഫിസ് സഈദിനെ വീട്ടുതടങ്കലില്‍ വെച്ചിരുന്നെങ്കിലും പിന്നീട് ലാഹോര്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം തടങ്കല്‍ ഒഴിവാക്കുകയായിരുന്നു.