ദില്ലി: അഗ്നി 5വിക്ഷേപണത്തിൽ പ്രതികരണവുമായി ചൈന. പാകിസ്ഥാനെ പേരെടുത്ത് പരാമർശിക്കാതെയാണ് തെക്കൻ ഏഷ്യയുടെ സ്ഥിരതക്കും സമാധാനത്തിനും എല്ലാ രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്ന് ചൈന ഓ‌ർമിപ്പിച്ചത്. 5000 കിലോ മീറ്ററിലധികം പ്രഹരശേഷിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി 5. സമാധാനത്തിന്‍റെ മിസൈലെന്നാണ് ഇന്ത്യ വിശേഷിപ്പിച്ചതെങ്കിലും ഭൂരിഭാഗം ഏഷ്യയെയും പ്രഹരപരിധിയിലാക്കാനുള്ള അഗ്നി 5 ന്‍റെ കരുത്ത് തന്നെയായിരുന്നു വാർത്തകളിൽ ഇടം നേടിയത്. 

ഇതിന് പിന്നാലെയായിരുന്നു ചൈനയുടെ പ്രതികരണം.തെക്കൻ ഏഷ്യയുടെ സ്ഥിരതക്കും സമാധാനത്തിനും എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്..ഇന്ത്യയുടെ മിസൈൽ വിക്ഷേപണം ചൈന ശ്രദ്ധിച്ചുവെന്നും ബാലിസ്റ്റിക് മിസൈലുകളുടെ നിർമ്മാണത്തിൽ ഐക്യരാഷ്ട്ര സുരക്ഷാ സമിതി വ്യക്തമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുങ്‍യിംഗ് പറഞ്ഞത്.

ചൈനയെ സംബന്ധിച്ച് വളരുന്ന സാന്പത്തിക ശക്തികളായ രണ്ട് രാജ്യങ്ങളും പങ്കാളികളാണ് ശത്രുക്കളല്ല, ഇന്ത്യൻ ജപ്പാൻ മാധ്യമങ്ങളിൽ വന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ.ചൈനയെ തകർക്കാനാണ് അഗ്നി 5 എന്ന മട്ടിലുള്ള വാർത്തകൾക്ക് വിശദീകരണം നൽകേണ്ടത് ഇന്ത്യയാണെന്നും ചൈനീസ് വക്താവ് പ്രതികരിച്ചു. 
ഇന്ത്യയുൾപ്പടെയുള്ള അയൽ രാജ്യങ്ങളുമായി സമാധാനത്തിനായി ദീർഘകാല സഹകരണമാണ് ചൈന ആഗ്രഹിക്കുന്നതെന്നും ചൈനീസ് പ്രതിനിധി പറഞ്ഞു.