ആലപ്പുഴ: 'ഓഖി' ചുഴലിക്കാറ്റില്‍ നിന്ന് നാട് കരകയറുന്നതേയുള്ളൂവെങ്കിലും നഗരങ്ങളിലെല്ലാം ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഉച്ഛസ്ഥായിയിലായി. ഗ്രാമങ്ങളിലും നഗരങ്ങളിലെല്ലാം ക്രിസ്തുമസ് വിപണി സജീവമായി. ആടിയും പാടിയും മലയാളി ആഘോഷിച്ച 'ജിമിക്കി കമ്മല്‍ വാല്‍നക്ഷത്രമാണ് ' ക്രിസ്മസ് വിപണിയിലെ താരം. ചൈനയില്‍ നിന്നാണ് വരവ്. പ്ലാസ്റ്റിക്ക് രൂപത്തിലുള്ള ഇതില്‍ നിറയെ ഇല്യൂമിനേഷന്‍ ലൈറ്റുകള്‍ പതിപ്പിച്ചിട്ടുണ്ട്. ഗോള്‍ഡ്, വെള്ളി, വെല്‍വെറ്റ് പച്ച, വയലറ്റ് ചുവപ്പ് നിറങ്ങളില്‍ ജിമിക്കി കമ്മല്‍ ലഭിക്കും. 700 രൂപ മുതലാണ് വില. 

വിവിധ നിറത്തിലും തരത്തിലുമുള്ള പേപ്പര്‍, എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ കടകള്‍ക്ക് മുന്നില്‍ മിന്നിതിളങ്ങുന്നുണ്ട്. 50 ഇതളുകളുള്ള വലിയ നക്ഷത്രങ്ങളുമുണ്ട്. 100 രൂപാ മുതല്‍ 7000 രൂപാ വരെ വിലയില്‍ നക്ഷത്രങ്ങള്‍ ലഭിക്കും. എന്തിനുമേതിനും വ്യത്യസ്ഥത ആഗ്രഹിക്കുന്നവര്‍ക്കായി സ്വയം നിര്‍മ്മിക്കുന്ന നക്ഷത്രങ്ങളുമായി കരകൗശലക്കാരും രംഗത്തെത്തിയിട്ടുണ്ട്. ആഗ്രഹിക്കുന്ന ഡിസൈനില്‍ കൂറ്റന്‍ നക്ഷത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ റെഡി. 

വീടും പരസിരവും പലനിറങ്ങളില്‍ തിളങ്ങുന്ന എല്‍.ഇ.ഡി റൊട്ടേഷന്‍ ബള്‍ബുകള്‍ കൊണ്ട് അലങ്കരിക്കുന്നതാണ് ന്യൂജെന്‍ സ്‌റ്റൈല്‍. നാലും അഞ്ചും വ്യത്യസ്ത നിറങ്ങളുള്ള ബള്‍ബുകളുള്ള റൊട്ടേഷന്‍ എല്‍.ഇ.ഡി സംവിധാനത്തിനാണ് ആവശ്യക്കാരേറയും. വൈദ്യുതിയുടെ ദുരുപയോഗമാണിതെങ്കിലും പലര്‍ക്കും അലങ്കാരങ്ങളുടെ ഭാഗമാണ് ഈ വെളിച്ചവലയം. എല്‍.ഇ.ഡിക്ക് വൈദ്യുതി ചിലവ് കുറവാണെന്നതാണ് ആകെ ആശ്വാസം. 

ജാതിമതഭേദമന്യേ എല്ലാവരും പുല്‍ക്കൂടുകള്‍ ഒരുക്കാന്‍ തുടങ്ങിയതോടെ തടിയിലും മുളയിലും തീര്‍ത്ത പുല്‍ക്കൂടുകള്‍ക്ക് ഡിമാന്റേറെയാണ്. പണ്ടൊക്കെ പഴയ വീഞ്ഞപ്പെട്ടി കൊണ്ട് സ്വയം പുല്‍കൂട് നിര്‍മ്മിച്ച് വൈക്കോല്‍ നിരത്തിയാണ് ഉണ്ണിയേശുവിനെയും കൂട്ടുകാരെയും കിടത്തിയിരുന്നത്. ഇന്നിപ്പോ, ഈറ്റ, ചൂരല്‍, കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റര്‍ ഓഫ് പാരീസ്, തെര്‍മോക്കോള്‍, തടി എന്നിവകൊണ്ടുള്ള റെഡിമെയ്ഡ് പുല്‍കൂടുകള്‍ സുലഭമാണ്. പ്ലാസ്റ്റിക് പുല്‍മെത്തകളും, എല്‍.ഇ.ഡി ലൈറ്റുകളും കൊണ്ട് പുല്‍ക്കൂട് അലങ്കരിക്കും. ഒരടി മുതല്‍ അഞ്ചടിവരെ വലിപ്പമുള്ള പുല്‍ക്കൂടുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. 500 മുതല്‍ 3000 രൂപവരെയാണ് വില. തമിഴ്‌നാട്, ആന്ധ്രാ, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നാണ് പുല്‍കൂടെത്തുന്നത്. 

അലങ്കാര ദീപങ്ങള്‍ക്കൊപ്പം മണികളും മുന്തിരിവള്ളികളും ചെണ്ടകളും വിവിധ വര്‍ണ്ണങ്ങളിലുള്ള ബോളുകളും വിപണിയില്‍ എത്തിയിട്ടുണ്ട്. കുഞ്ഞ് സാന്താക്ലോസ് മുതല്‍ വിരുന്നുകാരെ പാട്ടുപാടി സ്വാഗതം ചെയ്യുന്ന എയര്‍ സാന്താക്ലോസും വിപണിയിലുണ്ട്. ആറ് കുഞ്ഞ് സാന്താക്ലോസ് അടങ്ങുന്ന ഗിഫ്റ്റ് സെറ്റിന് 36 രൂപയാണ് വില. ഫൈബര്‍ പ്ലാസ്റ്റിക് നാരുകളില്‍ തീര്‍ത്ത വെള്ള ക്രിസ്മസ് ട്രീയാണ് ഇത്തവണ വിപണിയിലെ മറ്റൊരുതാരം. പച്ച, സിവില്‍ നിറങ്ങളിലുള്ള പൈന്‍മരങ്ങള്‍, മഞ്ഞുതുളളികളുള്ള മിസ്റ്റ് ട്രീ, എല്‍.ഇ.ഡി ലൈറ്റുകളോടു കൂടിയ ട്രീകള്‍ എന്നിവയും വില്‍പ്പനയ്ക്കുണ്ട്. പത്തടി മുതല്‍ 70 അടി വരെയാണ് വലിപ്പം. 70 മുതല്‍ 6,500 രൂപവരെയാണ് വില. 

ഫേസ് ബുക്ക്, വാട്‌സാപ്പ് ആശംസാ സന്ദേശങ്ങളെത്തിയതോടെ ക്രിസ്മസ് കാര്‍ഡ് വിപണിക്ക് പഴയ ആവേശമില്ല. എങ്കിലും കാണാന്‍ ഭംഗിയുള്ള, നല്ല സന്ദേശം ആലേഖനം ചെയ്ത കാര്‍ഡുകള്‍ക്കും മ്യൂസിക് കാര്‍ഡുകളും തേടി വിദ്യാര്‍ത്ഥികള്‍ എത്താറുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.