പെക്കിങ്: മാവോ സെ തൂങിന്‍റെ 125-ാം ജന്‍മദിനാഘോഷം നടത്താന്‍ പദ്ധതിയിട്ട  മാര്‍ക്‌സിസ്റ്റ് വിദ്യാര്‍ത്ഥി നേതാവിനെ ചൈനീസ് സര്‍വ്വകലാശാല പുറത്താക്കി. സര്‍വ്വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് നിരന്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചതിനാലാണ്  'മാര്‍ക്‌സിസ്റ്റ് സൊസൈറ്റി' പ്രസിഡന്‍റിനെ പുറത്താക്കിയത് എന്നാണ് പെക്കിങ് സര്‍വ്വകലാശാലയുടെ വിശദീകരണം.

സര്‍വ്വകലാശാലയില്‍ മാവോ സെ തൂങിന്‍റെ ജന്‍മദിനാഘോഷം നടത്താനൊരുങ്ങിയതിന് ഇയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ വിഷയത്തിന്‍റെ തീവ്രത മനസിലാക്കി പിന്നീട് ഇയാളെ പൊലിസ് വിട്ടയയ്ക്കുകയായിരുന്നു. ഇതിന്‍റെ തൊട്ടടുത്ത ദിവസമാണ് വിദ്യാര്‍ത്ഥി നേതാവിനെ സര്‍വ്വകലാശാല പുറത്താക്കിയത്. വാര്‍ത്താ ഏജന്‍സിയായ എഎഫ്‌പിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

മാര്‍‌ക്‌സിസ്റ്റ് സൊസൈറ്റിയെ പൊളിച്ചെഴുതാന്‍ പെക്കിംഗ് സര്‍വ്വകലാശാല ഉത്തരവിറക്കിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരായ പുതിയ അംഗങ്ങളുടെ പട്ടിക സര്‍വ്വകലാശാല പ്രസിദ്ധീകരിച്ചു. ചൈനയിലെ ഏറ്റവും പ്രസിദ്ധമായ സര്‍വ്വകലാശാലയാണ് പെക്കിങ്. എന്നാല്‍ പ്രസിഡന്‍റ് ഷീ ചിന്‍പിങ് അധികാരത്തിലെത്തിയതോടെ ഇവിടെ ക്യാമ്പസ് രാഷ്ട്രീയം നിരോധിച്ചിരിക്കുകയാണ്.