തൃശൂര്‍: തൃശൂരിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ്. പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തത്വമസി ചിട്ടിക്കമ്പനിയുടെ ഉടമ നൂറ് കണക്കിനാളുകളുടെ പണവുമായി മുങ്ങി.

എറണാകുളം പറവൂർ ആസ്ഥാനമായുള്ള തത്വമസി ചിറ്റ്സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്‍സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. തൃശ്ശൂര്‍, എറണാകുളം, കൊല്ലം ജില്ലകളിലായി 21 ശാഖകളുള്ള സ്ഥാപനമാണിത്. കാലാവധിയെത്തിയിട്ടും ചിട്ടിയുടെ പണം നൽകാതെ കമ്പനി സമയം നീട്ടി വച്ചിരിക്കുകയായിരുന്നു. ഇതിനിടെ നിക്ഷേപകരിൽ ചിലർക്ക് നൽകിയ ചെക്ക് ബാങ്കിൽ നിന്ന് തിരിച്ചയച്ചതോടെ ഇടപാടുകാർ പരാതി പറയാൻ ഓഫീസിലെത്തി. എന്നാൽ അപ്പോഴേക്കും മുഴുവൻ പണവുമായി ഉടമ ചെറായി സ്വദേശി കിഷോർ കുമാർ കടന്നുകളഞ്ഞു. എന്നാൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കമ്പനി തകരുമെന്ന് കരുതിയില്ലെന്നും ഉടമ ചെയ്ത വഞ്ചനയിൽ പങ്കില്ലെന്നും ജീവനക്കാർ പറഞ്ഞു.

സ്തീകളെ ഉപയോഗിച്ചായിരുന്നു കമ്പനി പണപ്പിരിവ് നടത്തിയിരുന്നത്. മതിലകം, കൊടുങ്ങല്ലൂർ, നാട്ടിക, എടതിരിഞ്ഞി തുടങ്ങി വിവിധ സ്ഥലങ്ങളിലെ ശാഖകളിലെ നിക്ഷേപകർ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പരാതി നൽകിയിട്ടുണ്ട്. പരാതി പരിശോധിച്ച് വരികയാണെന്നും ഊർജ്ജിതമായി അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.