ദില്ലി: ഡെന്മാര്‍ക്കില്‍ നിന്ന് ഇറക്കുമതിചെയ്ത ചോക്ലേറ്റില്‍ പ്ലാസ്റ്റിക് കഷണങ്ങള്‍ കലര്‍ന്നതായി കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റി(ഫസായി) മുന്നറിയിപ്പ് നല്‍കി. യൂറോപ്യന്‍ കമ്മിഷന്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. ഇവ കണ്ടെത്താനായി അടിയന്തര നടപടികള്‍ ആരംിഭിച്ചിട്ടുണ്ട്. കമ്പനിയില്‍ നിന്ന് പ്ലാസ്റ്റികിന്റെ അംശം അബദ്ധത്തില്‍ കലര്‍ന്നതാണെന്നാണ് കണ്ടെത്തിയത്. 

ലണ്ടനില്‍ പലയിടങ്ങളും ചോക്ലേറ്റുകളില്‍ പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. ഡെന്‍മാര്‍ക്കില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചോക്ലേറ്റില്‍ പ്ലാസ്റ്റിക് ചേര്‍ത്തതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചത്. ഈ ചോക്ലേറ്റുകള്‍ ശ്വാസതടസമുണ്ടാക്കാന്‍ കാരണമാകും. കുട്ടികളില്‍ ഇത് കൂടുതല്‍ അപകടകാരിയാണെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

ഇന്ത്യയടക്കം 14 രാജ്യങ്ങളിലേക്ക് ഈ ചോക്ലേറ്റുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇവയെല്ലാം തിരിച്ചവിളിക്കാനാണ് ശ്രമം തുടരുന്നത്. കച്ചവടക്കാര്‍ക്കെല്ലാം ചോക്ലേറ്റുകള്‍ സംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ ചോക്ലേറ്റുകള്‍ ജനങ്ങളിലെത്തിയതായും ഭയപ്പെടുന്നുണ്ട്. ചോക്ലേറ്റ് വില്‍പന നടക്കാതിരിക്കാനുള്ള നടപടികളെല്ലാം നടത്തിയതായി ഫസായി അറിയിച്ചു.