കൊല്ലം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ച ചടയമംഗലത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പ് പൂട്ടാൻ ജില്ലാ മെഡിക്കൽ ഓഫീസ‍റുടെ ഉത്തരവ്. സമീപത്തെ കുളത്തിലെ വെള്ളമാണ് തൊഴിലാളികൾ കുടിച്ചിരുന്നത്. 20 തൊഴിലാളികള്‍ക്ക് ഇവിടെ ആകെയുള്ളത് ഒരു ശുചിമുറി മാത്രം. 

വൃത്തിഹീനമായ ഈ കുളത്തിലെ വെള്ളമാണ് ബക്കറ്റില്‍ ശേഖരിച്ച് വച്ചിരിക്കുന്നത്. കുടിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഇതരസംസ്ഥാന തൊഴിലാളികള്‍ ഉപയോഗിക്കുന്നത് ഈ വെള്ളമാണ്. ഇരുപത് തൊഴിലാളികള്‍ താമസിക്കുന്നതും ഒരു ചെറിയ മുറിയില്‍. ഭക്ഷണം പാകം ചെയ്യന്നതും ഉറങ്ങുന്നതുമെല്ലാമിവിടെയാണ്. എല്ലാവര്‍ക്കും കൂടി ആകെയുള്ളതും ഒരു കക്കൂസാണ്.

വൃത്തിയാക്കിയിട്ട് മാസങ്ങളായെന്ന് തോന്നും. ബാബു എന്നയാളിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ചടയമംഗലം ജംഗ്ഷനിലെ തൊഴിലാളി ക്യാമ്പ്. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കൊല്ലം ജില്ലയിൽ രോഗം കണ്ടെത്തുന്നത് .രോഗം പെട്ടെന്ന് പടരാനുള്ള സാധ്യത ഉള്ളതിനാല്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകളിലടക്കം പരിശോധന കര്‍ശനമാക്കി.

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലകളില്‍ അനധികൃതമായി ധാരാളം ഇതരസംസ്ഥാനതൊഴിലാളി ക്യാമ്പുകള്‍ ഉണ്ടെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലാഭരണകൂടവുമായി ചേര്‍ന്ന് അവബോധ ക്യാമ്പുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി.