മകരവിളക്കിന് മുന്നോടിയായി കുള്ളാർ ഡാം തുറന്നുവിടാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പമ്പയിലും കൈവഴിയായ ഞുണങ്ങാറിലും കോളിഫോം ബാക്ടീരിയ പെരുകുന്നെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുർന്നാണ് നിർദേശം.
ശബരിമല: മകരവിളക്കിന് മുന്നോടിയായി കുള്ളാർ ഡാം തുറന്നുവിടാൻ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പമ്പയിലും കൈവഴിയായ ഞുണങ്ങാറിലും കോളിഫോം ബാക്ടീരിയ പെരുകുന്നെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിനെ തുർന്നാണ് നിർദേശം. അടിയന്തരമായി വെള്ളമെത്തിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാഭരണകൂടത്തിന് നിർദേശം നൽകിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ മാസം ആദ്യ വാരം പമ്പയിലേയും ഞുണങ്ങാറിലേയും വെള്ളം പരിശോധിച്ച മലിനീകരണ നിയന്ത്രണ ബോർഡ് കോളിഫോം ബാക്ടീരിയയുടെ തോത് കൂടുതലാണെന്ന് കണ്ടെത്തിയിയിരുന്നു. പമ്പയിലെ ആറാട്ടുകടവിൽ 100 മില്ലിലിറ്ററിൽ 23,200 കോളിഫോം ബാക്ടീരിയ യൂണിറ്റും ഞുണങ്ങാറിൽ 24,800 യൂണിറ്റും ആയിരുന്നു അന്ന് കണ്ടെത്തിയത്.
പിന്നീട് ഈ മാസം ആദ്യം നടത്തിയ പരശോധനയിൽ ഞുണങ്ങാറിൽ ഇത് 60,000 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഇത് 42,500 ആയി. ആറാട്ടുകടവിൽ 100 മില്ലി ലിറ്ററിൽ മുപ്പതിനായിരം യൂണിറ്റും കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പമ്പയിലേക്ക് അടിയന്തരമായി വെള്ളം തുറന്നുവിടാൻ മലിനീകരണ നിയന്ത്രണ ബോർഡ് പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയത്.
എന്നാൽ കുള്ളാറിൽ വെള്ളമില്ലെന്ന് വ്യക്തമാക്കി ഇക്കാര്യത്തിൽ മെല്ലെപ്പോക്കിലായിരുന്നു അധികൃതർ. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പമ്പയിലേക്ക് വെള്ളം തുറന്നുവിടാൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്. ഈ മാസം 19 വരെ ദിവസം 25,000 ക്യുബിക് മീറ്റർ വെള്ളമാണ് തുറന്നുവിടുക.
തീർത്ഥാടകരുൾപ്പെടെ, തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇതിനിടെ സന്നിധാനത്ത് നിന്ന് ഞുണങ്ങാറിലേക്ക് മലിനജലം ഒഴുക്കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥലത്ത് പരിശോധന നടത്തി.
