കറന്‍സി നിരോധനത്തിന് തൊട്ടു പിന്നാലെ ചോറ്റാനിക്കര അമ്പലത്തില്‍ നിന്ന് 30 ലക്ഷം രൂപയുടെ സ്വര്‍ണ ലോക്കറ്റുകള്‍ വിറ്റ സംഭവമാണ് വിവാദമായത്. അഞ്ഞൂറിന്റേയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിന് തൊട്ടുടുത്ത രണ്ട് ദിവസങ്ങളിലയിരുന്നു വില്‍പ്പന. അതും അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള് മാത്രം നല്‍കി. സാധാരണ ഒരു വര്‍ഷം കൊണ്ട്‌പോലും ഇത്തരം വില്‍പ്പനയുണ്ടാവാറില്ല. 

കള്ളപ്പണം വെളുപ്പിച്ചതാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരാള്‍ സംസ്ഥാന വിജിലന്‍സിന് ഇതേക്കുറിച്ച് രഹസ്യവിവരം നല്‍കി. പ്രാഥമിക അന്വേഷണത്തില്‍ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കൊച്ചി ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തിയത്. സ്വര്‍ണം വിറ്റതില്‍ അസി.കമീഷണര്‍ക്കും മാനേജര്‍ക്കും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അസാധു നോട്ടുകള്‍ വാങ്ങരുതെന്ന് ബാങ്കും ദേവസ്വം ബോര്‍ഡും നിര്‍ദ്ദേശിക്കാതിരുന്നത് കൊണ്ടാണ് ലോക്കറ്റുകള്‍ വിറ്റത്. പത്താംതീയതി വൈകിട്ട് മാത്രമാണ് നോട്ട് വാങ്ങരുതെന്ന് ബാങ്കില്‍നിന്ന് സര്‍ക്കുലര്‍ ഇറക്കിയത്. തുടര്‍ന്ന് അസാധുവായ നോട്ടുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആദായനികുതി വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.