നേരത്തെ, ക്രിസ്റ്റ്യൻ മിഷേലിനെ ദില്ലി സിബിഐ കോടതി പത്ത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇതോടെയാണ് മിഷേലിനെ ദില്ലി പൊലീസ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്

ദില്ലി: തീഹാർ ജയിലിൽ പ്രത്യേക സെൽ വേണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റ വെസ്റ്റ്‍ലാന്‍റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യൻ മിഷേൽ അപേക്ഷ നൽകി. ദില്ലി സിബിഐ കോടതിയിലാണ് ക്രിസ്റ്റ്യൻ മിഷേൽ അപേക്ഷ സമര്‍പ്പിച്ചത്. നേരത്തെ, ക്രിസ്റ്റ്യൻ മിഷേലിനെ ദില്ലി സിബിഐ കോടതി പത്ത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

ഇതോടെയാണ് മിഷേലിനെ ദില്ലി പൊലീസ് തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. അന്ന് തന്നെ തീഹാര്‍ ജയിലിൽ വിദേശിക്ക് വേണ്ട സൗകര്യം ഉറപ്പാക്കണമെന്ന് മിഷേലിന്‍റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം മിഷേലിന്‍റെ ജാമ്യാപേക്ഷയിൽ നാളെ കോടതി വിധി പറയുന്നുണ്ട്.

14 ദിവസത്തേക്ക് കൂടി ക്രിസ്റ്റ്യൻ മിഷേലിനെ കസ്റ്റഡിയിൽ വേണമെന്ന സിബിഐ ആവശ്യവും കോടതി തള്ളിയിരുന്നു. 14 ദിവസത്തോളം സിബിഐ മിഷേലിനെ ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സിബിഐ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, കസ്റ്റഡി ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷ പിന്നീട് പരിഗണിക്കാൻ കോടതി മാറ്റിയിരിക്കുകയാണ്.

അഗസ്റ്റ വെസ്‍റ്റ്‍ലാന്‍റില്‍ നിന്നും 225 കോടി രൂപ അനധികൃതമായി കൈപ്പറ്റി വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന കുറ്റമാണ് ക്രിസ്റ്റ്യന്‍ മിഷേലിനെതിരെ ചുമത്തിയിരിക്കുന്നത്. പന്ത്രണ്ട് വിവിഐപി ഹെലികോപ്റ്ററുകള്‍ക്കുള്ള 3,727 കോടി രൂപയുടെ കരാറിലാണ് അഗസ്റ്റ വെസ്‍റ്റലാന്‍റുമായി ഇന്ത്യ 2010 ല്‍ ഒപ്പിട്ടത്.