വാഷിംഗ്ടൺ: അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകൾ സിഐഎ പുറത്ത് വിട്ടു. കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം നിൽക്കുന്നതടക്കമുള്ള ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ലാദന്‍റെ ഒളിത്താവളത്തിൽ 2011 മെയ് മാസത്തിൽ റെയ്ഡ് നടത്തിയപ്പോൾ ലഭിച്ച വിവരങ്ങൾ ഉൾപ്പെടെയാണ് പുറത്ത് വിട്ടത്.

രാജ്യസുരക്ഷയെ ബാധിക്കുന്നതടക്കമുള്ള വിവരങ്ങൾ സിഐഎയുടെ പക്കലുണ്ടെന്നും എന്നാൽ ഇവയൊന്നും ഉടൻ പുറത്തുവിടില്ലെന്നുമാണ് വിവരങ്ങൾ. 2011ൽ ലാദൻ അറബ് കലാപത്തിന് ആഹ്വനം ചെയ്തതിന്‍റെയും ലാദന്‍റെ മൂത്തമകന്‍റെ വിവാഹത്തിന്‍റെയും വിവരങ്ങൾ സിഐഎ പുറത്ത് വിട്ടു. 

ലാദൻ ഇറാനുമായുണ്ടാക്കിയെന്ന് പറയപ്പെടുന്ന ചില ധാരണകൾ സംബന്ധിച്ചും വിവിധയിടങ്ങളിൽ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടത് സംബന്ധിച്ചുമെല്ലാം സിഐഎയുടെ പക്കലുണ്ട്. എന്നാൽ ഇത്തരം സുപ്രധാന നീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. 

അമേരിക്കൻ ജനതയ്ക്ക് ഇത്തരം ഭീകരസംഘടനകളുടെ പ്രവർത്തനങ്ങളും പദ്ധതികലും സംബന്ധിച്ച് ധാരണകൾ ലഭിക്കുന്നതിനാണ് ഇത്തരത്തിൽ വിവരങ്ങൾ പുറത്തുവിട്ടതെന്ന് സിഐഎ തലവൻ മൈക്ക് പോംപിയോ പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ഒഴിച്ച് ഇത്തരത്തിൽ ലാദനുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പിന്നീച് പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു.