കണ്ണൂര്‍: അടച്ചുപൂട്ടലിന്റെ വക്കിലാണ് ഇന്ത്യയിലെ ഏക സര്‍ക്കസ് അക്കാദമി.പഠിക്കാന്‍ കുട്ടികള്‍ ഇല്ലാതായതോടെ സര്‍ക്കസിന്റെ ഈറ്റില്ലമായ തലശ്ശേരിയില്‍ തുടങ്ങിയ അക്കാദമി പ്രതിസന്ധിയിലായി.അവസാന വഴിയെന്ന നിലയില്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കി കുട്ടികളെ ആകര്‍ഷിക്കാന്‍ കായികമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു.
ആറ് വര്‍ഷം മുമ്പ് പത്ത് കുട്ടികളുമായാണ് തലശ്ശേരിയില്‍ സര്‍ക്കസ് അക്കാദമിക്ക് തുടക്കമിട്ടത്. സര്‍ക്കസ് പഠിക്കാന്‍ അതിന്റെ പാരമ്പര്യം ആവോളമുളള തലശ്ശേരിയില്‍ കൂടുതല്‍ കുട്ടികളെത്തുമെന്നായിരുന്നു പ്രതീക്ഷ. ഇന്ന് രണ്ട് പരിശീലകരും മൂന്ന് പാചകകക്കാരും അക്കാദമിയിലുണ്ട്. സൗജന്യഭക്ഷണവും താമസിക്കാന്‍ ഹോസ്റ്റല്‍ സൗകര്യവും. പക്ഷേ പരിശീലനം നേടാന്‍ കുട്ടികള്‍ മാത്രമില്ല. ആകെ ഒരു കുട്ടി മാത്രമാണ് പരിശീലനത്തിന് എത്തുന്നത്. പ്രതിമാസം ലക്ഷക്കണക്കിന് രൂപ ചെലവാക്കി അക്കാദമി നടത്തിക്കൊണ്ടുപോകണോ എന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സിന്റെ ആലോചന. മന്ത്രി ഇ പി ജയരാജന്‍ പങ്കെടുത്ത അവലോകനയോഗത്തിലും അക്കാദമിയുടെ ഭാവിയായിരുന്നു ചര്‍ച്ച. ഒരു കുട്ടിയെ മാത്രം പരിശീലിപ്പിച്ച് സ്ഥാപനം തുടരാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കസ് മാത്രമല്ല ജിംനാസ്റ്റിക്‌സ്, മള്‍ട്ടി ഗെയിംസ് എന്നിവ കൂടി പരിശീലിപ്പിച്ച് അക്കാദമി നവീകരിക്കുകയാണ് ലക്ഷ്യം. പക്ഷേ കുട്ടികളെ കിട്ടണം. അവസാനവഴിയായി അക്കാദമിയിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കും. ഇതിലൂടെ കുട്ടികളെ കിട്ടിയാല്‍ അക്കാദമി നിലനിര്‍ത്താമെന്നാണ് അവലോകനയോഗത്തിന്റെ തീരുമാനം. പരിശീലിക്കാന്‍ ആളെത്തിയില്ലെങ്കില്‍ എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കും.
