റിയാദ്: സൗദി വനിതകള്‍ക്ക് വിദേശികളില്‍ ജനിച്ച കുട്ടികള്‍ക്ക് സൗദിപൗരത്വം ലഭിക്കാനുള്ള സാധ്യതയേറി. ഇതുസംബന്ധമായ നിര്‍ദേശം സൗദി ശൂറാ കൌണ്‍സില്‍ അംഗീകരിച്ചതോടെയാണിത്. പൗരത്വ നിയമ ഭേതഗതിക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന സൗദി ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു.
സൗദി വനിതകള്‍ക്ക് വിദേശിയായ ഭര്‍ത്താവില്‍ ജനിച്ച കുട്ടികള്‍ക്ക് ഇതുപ്രകാരം സൗദി പൗരത്വം ലഭിക്കും. പ്രധാനമായും അഞ്ചു നിബന്ധനകള്‍ക്ക് വിധേയമായായിരിക്കും പൗരത്വം നല്‍കുക. പൗരത്വം നല്‍കപ്പെടുന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയാകണമെന്നതാണ് ഒന്നാമത്തെ നിബന്ധന. രണ്ട്, തുടര്‍ച്ചയായി പത്ത് വര്‍ഷം സൗദിയില്‍ കഴിഞ്ഞവരായിരിക്കണം.
എന്നാല്‍ പഠന ആവശ്യത്തിനോ, മാതാപിതാക്കള്‍ വിദേശത്ത് ജോലി ചെയ്യുന്ന കാരണത്താലോ വിദേശത്ത് പോയവര്‍ക്ക് ഇളവ് അനുവദിക്കും. മൂന്ന്, പിതാവ് ഏത് രാജ്യത്തെ പൗരനാണോ, ആ രാജ്യത്ത് നിന്നുള്ള പൌരത്വം വേണ്ടെന്ന് വെക്കണം. നാല്, ക്രിമിനല്‍ പശ്ചാത്തലമുള്ളവരോ, സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ആറു മാസത്തില്‍ കൂടുതല്‍ തടവ് ശിക്ഷ അനുഭവിച്ചവരോ ആകരുത്.
അഞ്ച്, അറബ് ഭാഷാ പരിജ്ഞാനം ഉണ്ടായിരിക്കണം. സൗദി വനിതകള്‍ക്ക് വിദേശികള്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജനിച്ച ഉടന്‍ തന്നെ പൌരത്വം നല്‍കണമെന്ന നിര്‍ദേശവും ശൂറാ കൌണ്‍സില്‍ പഠിച്ചു വരികയാണ്. ഉന്നതാധികാര സമിതിയുടെ കൂടി അംഗീകാരം ലഭിച്ചാല്‍ മാത്രമേ പുതിയ പൌരത്വ നിയമം പ്രാബല്യത്തില്‍ വരികയുള്ളൂ.
