തിരുവനന്തപുരം കഴക്കൂട്ടത്ത് പ്രതിയെ പിടികൂടാന്‍ ചെന്ന പൊലീസുകാരന് കുത്തേറ്റു. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ മഹേഷിനാണ് കുത്തേറ്റത്. ബോംബുകേസിലെ പ്രതിയായ തുമ്പ സ്വദേശി അനിയെ പിടികൂടാന്‍ ചെന്നപ്പോഴാണ് സംഭവം.
കഴക്കൂട്ടത്ത് ബോംബ് കേസിലെ വാറണ്ട് പ്രതിയായ അനിയെ പിടികൂടാനുളള ശ്രമത്തിനിടെയാണ് സംഭവം. കഴിഞ്ഞ ദിവസം, കഴക്കൂട്ടത്ത് പിടിയിലായ അക്രമി സംഘത്തിലെ കണ്ണിയാണ് അനിയെന്നാണ് പൊലീസ് പറയുന്നത്. നാടന്‍ബോംബ് കൈവശം വച്ചതിനാണ് ഈ പ്രദേശത്തെ രണ്ടുപേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായത്. തുമ്പയ്ക്ക് സമീപം ഇയാള്‍ ഉണ്ടെന്നറിഞ്ഞ് മഹേഷ് ഉള്‍പ്പെടെയുളള പൊലീസുകാര്‍ സ്ഥലത്തെത്തുന്നു. പൊലീസിനെ കണ്ടയുടന്‍ അനി കത്തി വീശി. മഹേഷിന് മുഖത്തും കഴുത്തിനും കുത്തേറ്റു. ഇതിനിടെ അനി ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ മഹേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേഷിപ്പിച്ചിട്ടുണ്ട്. അടിപിടിക്കേസുകളിലടക്കം പ്രതിയായ ആളാണ് അനി. കഴക്കൂട്ടത്ത് പലതവണയായി നടന്ന സംഘട്ടനവും നാടന്‍ ബോംബേറുമായും ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ഷിബിന്‍, സജു എന്നിവര്‍ അറസ്റ്റിലാവുന്നത്. ഇവരുടെ എതിര്‍ സംഘത്തെ ആക്രമിക്കാനുളള തയ്യാറെടുപ്പിനിടെയായിരുന്നു അറസ്റ്റ്. ഇവരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അനിയെ വലയിലാക്കാന്‍ പൊലീസ് നീക്കം തുടങ്ങിയത്. പൊലീസിനെ കുത്തി പരിക്കേല്‍പ്പിച്ച അനിക്കെതിരെ തെരച്ചില്‍ തുടങ്ങി.
