ക്യാമ്പിൽ ഒരാൾക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അവർക്ക് കൃത്യമായ ചികിത്സ നൽകുകയും മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കാതെ ഇരിക്കാൻ വേണ്ടിയുള്ള മുൻകരുതലുകളും കൃത്യമായി എടുത്തിട്ടുണ്ട്.
ആലുവ: പ്രളയ ദുരിത ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ആലുവ യു.സി കോളേജില്‍ ചിക്കന്‍ പോക്സ് പടര്‍ന്നുപിടിക്കുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വഴി സന്ദേശങ്ങള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിശദീകരിക്കുകയാണ് ക്യാമ്പില്‍ സന്നദ്ധസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യു.സി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂടിയായ സുധി സി.ജെ.
ക്യാമ്പിൽ ഒരാൾക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ അവർക്ക് കൃത്യമായ ചികിത്സ നൽകുകയും മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കാതെ ഇരിക്കാൻ വേണ്ടിയുള്ള മുൻകരുതലുകളും കൃത്യമായി എടുത്തിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ വ്യാജവാര്‍ത്തകള്‍ കാരണം ആയിരക്കണക്കിനു കോളുകളാണ് ക്യാംപിലെ വൊളണ്ടിയർമാർക്കും കോർഡിനേറ്റഴ്സിനും വന്നു കൊണ്ടിരിക്കുന്നതെന്നും ഇത് അവരുടെ മനോവീര്യത്തെ കെടുത്തുന്നുമുണ്ട് ചെറുതായിട്ടെങ്കിലും കെടുത്തുന്നുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ
പ്രിയപ്പെട്ട മലയാളികളെ മാധ്യമ സുഹൃത്തുകളെ,
കേരളത്തിലെ തന്നെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാപുകളിലൊന്നാണ് ആലൂവ യൂസി കോളജ്. 500- ൽ താഴെ അന്തേവാസികളുമായി തുടങ്ങിയ ക്യാംപിൽ ഇപ്പോൾ പതിനായിരങ്ങൾ ഉണ്ട്. ക്യാംപ് കോർഡിനേറ്റർ ഗീതിക ജി. യുടെ നേതൃത്വത്തിൽ അഭിനന്ദനീയമായ രീതിയാലാണ് ഓരോ ദിവസവും സ്ഥല പരിമിതി ഉൾപ്പടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചു ക്യാംപ് മുന്നോട്ട് പോകുന്നത്. ഇതുവരെ ഭക്ഷണത്തിനോ മറ്റു അവശ്യ സാധാനങ്ങൾക്കോ അവിടെ ഒരു തരത്തിലുള്ള കുറവും വന്നിട്ടുമില്ല. മരുന്നുകളും മെഡിക്കൽ സഹായവും ലഭിക്കുന്നുണ്ട്. ആദ്യ ദിവസം മുതൽ നേരിട്ട് ബന്ധമുള്ളതും നിരന്തരം ബന്ധപ്പെടുന്നതുമായ ക്യാംപാണ്.
ക്യാംപിൽ ഒരാൾക്ക് ചിക്കൻ പോക്സ് സ്ഥിതീകരിച്ചിരുന്നു. എന്നാൽ അവർക്ക് കൃത്യമായ ചികിത്സ നൽകുകയും മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കാതെ ഇരിക്കാൻ വേണ്ടിയുള്ള മുൻകരുതലുകളും കൃത്യമായി എടുത്തിട്ടുണ്ട്. വാട്ട്സ്ആപ്പും ഫേയ്സ്ബുക്കും ഉൾപ്പടെയുള്ള മീഡിയയിൽ നിരവധി മെസേജുകളും ഓഡിയോ ക്ലിപ്പുകളും ‘യൂസിയിൽ ചിക്കൻപോക്സ് പടർന്നു പിടിക്കുന്നു ആശങ്കയിൽ’ എന്ന മട്ടിൽ പ്രചരിക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതമാണ്. ആയിരക്കണക്കിനു കോളുകളാണ് ക്യാംപിലെ വൊളണ്ടിയർമാർക്കും കോർഡിനേറ്റഴ്സിനും വന്നു കൊണ്ടിരിക്കുന്നത്. ഇത് അവരുടെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ചെറുതായിട്ടെങ്കിലും മനോവീര്യത്തെ കെടുത്തുന്നുമുണ്ട്.
"You See UCC” എന്ന് യൂസി കോളജിലെ എൻഎസ്എസ് യൂണിറ്റിനെക്കുറിച്ച് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അതിൽ കൂടുതലൊന്നും ഇപ്പോഴും പറയാനില്ല. പതിനായിരങ്ങൾ ക്യാംപിലേക്ക് മഴവെള്ള പാച്ചിലുപോലെ എത്തിയിട്ടും കുലുങ്ങിയിട്ടില്ല. സ്വയംഭരണ സമരത്തിൽ മഹാരാജാസ് ഉൾപ്പടെയുള്ള മഹാമേരുക്കൾ കടപുഴകി വീണപ്പോഴും ഒറ്റമനസ്സായി പ്രതിരോധം തീർത്ത കലാലയമാണ്. തീയിൽ കുരുത്തതാണ് വെയിലത്ത് വാടില്ല.
രാവും പകലും ഊണു ഉറക്കവുമില്ലാതെ ആയിരക്കണക്കിനാളുകൾ ഒരു ദുരന്തത്തെ നേരിടുമ്പോൾ ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തി പുര കത്തുന്ന നേരത്ത് വാഴവെട്ടുന്ന ചേട്ടൻമാരോടും ചേച്ചിമാരോടും പറയാൻ നല്ല നമസ്ക്കാരം മാത്രം. നിങ്ങൾക്ക് ശുഭരാത്രി...
ഞങ്ങൾ ഉണർന്നു തന്നെ ഇരിപ്പുണ്ട് ഇവിടെ...
