ദില്ലി: സുപ്രീം കോടതിയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രതിഷേധിച്ച സുപ്രീംകോടതി ജഡ്ജിമാരെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചര്‍ച്ചയ്ക്ക് വിളിച്ചു. ഇന്നലെ തന്നെ പ്രതിഷേധിച്ച ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് പത്ത് മിനിറ്റോളം സംസാരിച്ചിരുന്നു. മറ്റു ചില ജഡ്ജിമാരുടെ സാന്നിധ്യത്തിലായിരുന്നു ഈ സംഭാഷണം. ജഡ്ജിമാരുമായി ചില കാര്യങ്ങളില്‍ ചര്‍ച്ചയാവാം എന്ന് ഇന്നലെ തന്നെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. 

ഇതിനു പിന്നാലെയാണ് ഇന്ന് വൈകുന്നേരം അനൗദ്യോഗികമായ ചര്‍ച്ചകള്‍ക്കായി ചീഫ് ജസ്റ്റിസ് പ്രതിഷേധിച്ച ജസ്റ്റിസുമാരെ വിളിച്ചത്. എന്നാല്‍ ജസ്റ്റിസ് ചെലമേശ്വര്‍ ഇന്ന് പനി കാരണം കോടതിയിലെത്തുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. അങ്ങനെയാണെങ്കില്‍ ഇന്ന് ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ ഉന്നതവൃത്തങ്ങളില്‍ തന്നെ ഉറപ്പില്ല. 

നേരത്തെ മഞ്ഞുരുകലിന്റെ സൂചനകള്‍ നല്‍കി കൊണ്ട് ജസ്റ്റിസ് ലോയയുടെ മരണം മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതല്ലാതെ തങ്ങള്‍ക്ക് കൃത്യമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് പ്രതിഷേധിച്ച ജഡ്ജിമാരുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.