അവസാനദിനം ചീഫ് ജസ്റ്റിസിനൊപ്പം വാദം കേട്ട് ചെലമേശ്വര്‍
ദില്ലി: സുപ്രീംകോടതിയിലെ തന്റെ അവസാന ദിവസം ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കൊപ്പമാണ് ജസ്റ്റിസ് ചെലമേശ്വർ വാദം കേട്ടത്. ജൂണ് 22നാണ് ജസ്റ്റിസ് ചെലമേശ്വര് വിരമിക്കുന്നത്. ചീഫ് ജസ്റ്റിസിനെതിരെ നിലപാട് കടുപ്പിച്ച് രംഗത്തെത്തിയതിന് ശേഷം ആദ്യമായാണ് ദീപക് മിശ്രയ്ക്കൊപ്പംജസ്റ്റിസ് ചെലമേശ്വര് കോടതി മുറിപങ്കിടുന്നത്. ബാർ അസോസിയേഷനോട് തനിക്ക് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിയ്ക്കേണ്ടെന്ന് നേരത്തേ ചെലമേശ്വർ പറഞ്ഞിരുന്നു. ചീഫ് ജസ്റ്റീസിനെതിരെ ആരോപണങ്ങളുന്നയിച്ച് വാര്ത്താസമ്മേളനം വിളിച്ച സുപ്രിംകോടതി ജസ്റ്റിസുമാരില് പ്രധാനിയായിരുന്നു ചെമേശ്വര്. രാജ്യത്തിന്റെ ചരിത്രത്തില് സമാനതകളില്ലാത്ത അത്യപൂര്വ സംഭവവികാസങ്ങള്ക്കായിരുന്നു രാജ്യതലസ്ഥാനം അന്ന് സാക്ഷ്യം വഹിച്ചത്.
കോടതികള് നിര്ത്തി വച്ച് നാല് ജഡ്ജിമാര് കോടതിയില് നിന്നിറങ്ങി വന്ന് മാധ്യമങ്ങളെ കണ്ടു. ജസ്റ്റിസ് ജെ ചെലമേശ്വറിനൊപ്പം ജസ്റ്റിസ് രഞ്ചന് ഗോഗോയ്, ജസ്റ്റിസ് കുര്യന് ജോസഫ്. ജസ്റ്റിസ് മദന് ബി ലോക്കൂര് എന്നിവരും ഉണ്ടായിരുന്നു. രാജ്യ താല്പര്യം നീതി പൂര്വ്വം നടത്താനുള്ള ശ്രമങ്ങള്ക്ക് വെല്ലുവിളി ഉണ്ടെന്ന് മുതിര്ന്ന ജഡ്ജിമാര് തുറന്നടിച്ചു. സ്വാധീനിക്കപ്പെടാത്ത നീതിന്യായ വ്യവസ്ഥ ജനാധിപത്യത്തില് അത്യാവശ്യമാണ്, സുപ്രീംകോടതി ഭരണം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ജഡ്ജിമാരെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര് മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് ഞങ്ങള് ആത്മാവിനെ വിറ്റുവെന്ന് നാളെ ജ്ഞാനികള് കുറ്റപ്പെടുത്തരുത്. ചീഫ് ജസ്റ്റിസ് തുല്യരില് ഒരാള് മാത്രമാണ്. അദ്ദേഹത്തിന്റെ ഉദ്ദേശശുദ്ധിയില് സംശയമുണ്ട്. കേസുകള് ജഡ്ജിമാര്ക്ക് വീതിച്ച് നല്കുന്നതില് മാനദണ്ഡങ്ങള് പാലിച്ചില്ല. ഇത് സുപ്രിം കോടതിയുടെ ആത്മാര്ത്ഥതയെ ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
