തിരുവനന്തപുരം: വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ച പാറശ്ശാല എംഎൽഎ സികെ ഹരീന്ദ്രനെ പൊളിച്ചടുക്കി ഏഷ്യാനെറ്റ് ന്യൂസ് അവര്‍. കുന്നത്തുകാൽ ക്വാറി അപകടത്തിൽ മരിച്ചവർക്ക് ക്വാറി ഉടമകളിൽ നിന്നും ഒരു ലക്ഷം രൂപ അടിയന്തിര സഹായം വാങ്ങിക്കൊടുക്കാമെന്ന ഡെപ്യൂട്ടി കലക്ടറുടെ പരാമർശമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നായിരുന്നു സികെ ഹരീന്ദ്രൻ ന്യൂസ് അവറിലും ആവർത്തിച്ചത്.
എന്നാല്‍ അങ്ങിനെയായിരുന്നില്ല ഡെപ്യൂട്ടി കലക്ടറുടെ പ്രതികരണമെന്ന് വീഡിയോ സഹിതം കാണിച്ചപ്പോൾ എംഎൽഎക്ക് ഒരു മറുപടിയും ഉണ്ടായിരുന്നില്ല. തെറ്റ് ഏറ്റുപറയാനും എംഎല്‍എ തയ്യാറായില്ല. പിശക് പറ്റിയിട്ടുണ്ടെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയാമെന്നു മാത്രമായിരുന്നു സികെ ഹരീന്ദ്രന്റെ വിശദീകരണം.
അതേസമയം, എംഎല്‍എയെ വിമർശിച്ച് സിപിഐ നേതാവ് ആനിരാജ ന്യൂസ് അവറില്‍ പ്രതികരിച്ചു. ഇടത് എംഎൽഎക്ക് ചേർന്ന രീതിയിലല്ല ഹരീന്ദ്രന്റെ നടപടിയെന്ന് ആനിരാജ പറഞ്ഞു. ഹരീന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ പൊലീസും സംസ്ഥാന വനിതാ കമ്മീഷനും സംസ്ഥാനത്തെ ഇടത് വനിതാ നേതാക്കളും മൗനം തുടരുന്നതിനിടെയാണ് സിപിഐ ദേശീയ നേതാവ് ആനിരാജ വിമർശനവുമായി രംഗത്തെത്തിയത്.
എംഎൽഎക്കൊപ്പം ഡെപ്യൂട്ടി കലക്ടറെ അധിക്ഷേപിക്കാൻ കൂട്ടുനിന്ന ജോയിന്റ് ബിഡിഒ സുരേഷിനെതിരെയും നടപടി ഉണ്ടായിട്ടില്ല. അധിക്ഷേപത്തിന് ഇരയായ ഡെപ്യൂട്ടി കലക്ടർ ഇതുവരെ പരാതി നൽകിയിട്ടില്ല. പ്രശ്നം ഗൗരവമായെടുക്കുമെന്ന് ജീവനക്കാരുടെ സംഘടന അറിയിച്ചു.
