വിഴിഞ്ഞം കരാറിലെ സി.എ.ജി റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളിൽ ഏറ്റുമുട്ടൽ. വിഷയം ചര്‍ച്ച ചെയ്യാൻ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.ഡി സതീശന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് കത്ത് നൽകി. പ്രത്യേക കത്ത് നൽകേണ്ടതില്ലെന്നും അടുത്ത രാഷ്ട്രീയ കാര്യസമിതി വിഷയം ചര്‍ച്ച ചെയ്യുമെന്നും എം.എം ഹസൻ പ്രതികരിച്ചു.

വിഴിഞ്ഞം കരാറിനല്ല, സി.എ.ജി റിപ്പോര്‍ട്ടിനാണ് പിശകെന്ന ഉമ്മൻ ചാണ്ടിയുടെ വാദത്തെ കോണ്‍ഗ്രസിൽ എല്ലാവരും ശരിവയ്ക്കുന്നില്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രയോഗിക്കാൻ പറ്റിയ ഒന്നാംതരം ആയുധമായാണ് സി.എ.ജി കണ്ടെത്തലുകളെ പാര്‍ട്ടിയിലെ ഒരു വിഭാഗം കാണുന്നത്. അദാനിയുമായുള്ള ഇടപാടിന് ഹൈക്കമാന്‍ഡിന് എതിര്‍പ്പുണ്ടെന്ന വാദമാണ് ഇതിന് പിന്‍ബലം. സമഗ്ര പരിശോധന വേണമെന്ന ആവശ്യം വി.എം സുധീരന്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെടുന്നത്. സി.എ.ജി റിപ്പോര്‍ട്ട് പരിശോധിക്കേണ്ട പബ്ലിക്അക്കൗണ്ട്സ് സമിതി അധ്യക്ഷന്‍ കൂടിയാണ് സതീശന്‍. പ്രത്യേക കത്ത് നൽകേണ്ടതില്ലെന്നും അടുത്ത രാഷ്ട്രീയ കാര്യസമിതി വിഷയം ചര്‍ച്ച ചെയ്യുമെന്നുമായിരുന്നു എം.എം ഹസന്‍ പ്രതികരിച്ചത്.

എതിര്‍ ചേരി കാണുന്ന അടിയന്തര സ്വഭാവം ഈ വിഷയത്തിന് പക്ഷേ കെ.പി.സി.സി നേതൃത്വം കാണുന്നില്ല. വിഴിഞ്ഞം കരാറൊപ്പിട്ടത് ധീരമായ നടപടിയെന്ന് വിശേഷിപ്പിച്ച് ഉമ്മന്‍ ചാണ്ടിക്ക് കവചമൊരുക്കുകയും ചെയ്യുന്നുണ്ട് . സതീശന്റെ കത്തിനെക്കുറിച്ച് അറിയില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
ഇതിനിടെ വിഴിഞ്ഞം കരാറിനെക്കുറിച്ച് സിറ്റിങ് ജഡ്ജിയെ വെച്ചുള്ള ജുഡിഷ്യൽ അന്വേഷണത്തെ വി.എസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു. സിറ്റിങ് ജഡ്ജിയെ കിട്ടിയില്ലെങ്കിൽ വിശ്വാസ്യ യോഗ്യമായ ദേശീയ അന്വേഷണ ഏജൻസിയെ ഏല്‍പിക്കണം. കരാറിൽ മാറ്റം വരുത്താനാവുമോയെന്ന് പരിശോധിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.