പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ഇന്ന് പുലർച്ചെയുണ്ടായ സംഘർഷത്തെ തുടർന്ന് ക്യാമ്പസിൽ വലിയ പ്രതിഷേധം.നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കപൂർത്തല എസ്പി

കപൂർത്തല: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ഇന്ന് പുലർച്ചെയുണ്ടായ സംഘർഷത്തെ തുടർന്ന് ക്യാമ്പസിൽ വലിയ പ്രതിഷേധം. നിരവധി വാഹനങ്ങൾക്ക് തീയിടുകയും സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ അക്രമം നടക്കുകയും ചെയ്തു. ക്യാമ്പസിലെ കടകൾ തകർത്തതിന്റെയും കടകളിൽനിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നു. പ്രതിഷേധത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് വിദ്യാർഥികളുമായി സംസാരിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കപൂർത്തല എസ്പി അറിയിച്ചു. ചണ്ഡീഗഡ്–അമൃത്സർ ദേശീയപാതയിലെ ഗതാഗതവും പുനഃസ്ഥാപിച്ചതായി എസ്പി വ്യക്തമാക്കി.

സർവകലാശാലയിലെ ഹോസ്റ്റലിൽ ഒരു പെൺകുട്ടി ലൈംഗികാതിക്രമത്തിനിരയായെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റിന് പിന്നാലെയാണ് പ്രതിഷേധം ഉണ്ടായതെന്നാണ് വിവരം. എന്നാൽ ഇത്തരമൊരു സംഭവം സർവകലാശാലയിൽ നടന്നിട്ടില്ലെന്നും വിദ്യാർഥികൾ തെറ്റായ വിവരങ്ങൾ വിശ്വസിക്കരുതെന്നും സർവകലാശാല അധികൃതർ അറിയിച്ചു. അതേസമയം, യാഥാർഥ്യം സർവകലാശാല മറച്ചുവെക്കുകയാണെന്നാണ് പ്രതിഷേധിക്കുന്ന വിദ്യാർഥികളുടെ ആരോപണം.

പ്രചരിച്ച അഭ്യൂഹങ്ങൾ പരിശോധിക്കുമെന്ന് കപൂർത്തല എസ്പി വ്യക്തമാക്കി. സർവകലാശാലയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ പരാതികളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, പ്രതിഷേധത്തിന്റെ യഥാർഥ ഉറവിടം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആരോപണങ്ങളാണോ പ്രതിഷേധത്തിന് പിന്നിലെന്നും മറ്റേതെങ്കിലും വിഷയങ്ങൾ സംഘർഷത്തിലേക്ക് നയിച്ചിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. സംഘർഷത്തിനിടെ ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്ടമുണ്ടായതായും നിരവധി വാഹനങ്ങൾ കത്തിച്ചതായും റിപ്പോർട്ടുകളുണ്ട്.